തിരുവനന്തപുരം: കാലവർഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കേരളത്തിൽ അടുത്ത നാല് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മെയ് 24 മുതൽ 26 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട അതി തീവ്രമായ മഴയ്ക്കും മെയ് 24 മുതൽ 28 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുള്ളത്.ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ എറണാകുളം, തൃശൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ തീവ്രമായ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.നാളെ 11 ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണയേക്കാൾ കൂടുതൽ മഴ പ്രതീക്ഷിക്കുന്ന ഈ കാലവർഷത്തിൽ ആദ്യ ദിവസങ്ങളിൽ തന്നെ കനത്ത മഴയാണ് ലഭിക്കുമെന്നാണ് പ്രവചനം. തുടർച്ചയായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
