കാസര്‍കോട്: നാസയുടെ സിറ്റിസണ്‍ സയന്റിസ്റ്റ് പ്രൊജക്ടില്‍ രണ്ട് ഛിന്നഗ്രഹങ്ങളെ കണ്ടെത്തി നീലേശ്വരം സ്വദേശിയായ 13 കാരന്‍. ബംഗളൂരു അമരജ്യോതി പബ്ലിക് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി സൂര്യ നാരായണന്‍ അരമനയാണ് അപൂര്‍വ നേട്ടത്തിനുടമയായത്. ഐഎഎസ്-സി എന്ന നാസ സിറ്റിസണ്‍ സയന്റിസ്റ്റ് പ്രൊജക്ടില്‍ ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലെ പ്രധാന ഛിന്നഗ്രഹ വലയത്തില്‍ രണ്ട് ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയത്. ഇവയ്ക്ക് നിലവില്‍ 2023 വി.ബി 20, 2023 ഡബ്ല്യു.സി 48 എന്നിങ്ങനെയാണ് പേരുകള്‍ നല്‍കിയിരിക്കുന്നത്. ഛിന്നഗ്രഹങ്ങളെ സൂര്യ നാരായണന്‍ പ്രാഥമികമായി അടയാളപ്പെടുത്തിയ വര്‍ഷങ്ങളെയാണ് ഈ താല്‍ക്കാലിക പേര് സൂചിപ്പിക്കുന്നത്. ഇവയ്ക്ക് സ്വന്തമായി പേര് നല്‍കാനുള്ള ബഹുമതിയും സൂര്യയ്ക്ക് ലഭിച്ചിട്ടുണ്ട്. നീലേശ്വരം സ്വദേശി ഉമേശന്‍ അമരനയുടെയും പിലിക്കോട് സ്വദേശിനി പിവി രമ്യ നായരുടെയും മകനാണ് സൂര്യ. ബെംഗളൂരുവില്‍ കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രാക്ടര്‍ ആണ് ഉമേശന്‍. എഞ്ചിനീയറിങ് ബിരുദധാരിണിയായ രമ്യ സൈക്കോളജിസ്റ്റും ആണ്. സൂര്യനാരായണന്റെ ജനനവും പ്രാഥമിക വിദ്യാഭ്യാസവുമെല്ലാം ബംഗളൂരുവില്‍ തന്നെയായിരുന്നു. ഈ വര്‍ഷത്തെ സയന്‍സ് ഒളിമ്പ്യാഡ് ഫൗണ്ടേഷന്റെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് ജേതാവ് കൂടിയാണ്. എല്‍കെജി വിദ്യാര്‍ത്ഥിനി തേജസ്വി നാരായണന്‍ സഹോദരിയാണ്.
