തിരുവനന്തപുരം: സംസ്ഥാനത്ത് 3 ദിവസത്തിനുള്ളിൽ കാലവർഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും ശക്തമായ മഴയുണ്ടാകും. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടത്തരം മഴയ്ക്കും ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
കാലവർഷത്തിനു മുന്നോടിയായുള്ള മഴ നാളെ മുതൽ ശക്തമാകും. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 25 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കാലവർഷത്തിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.