കൊച്ചി: മൂന്നര വയസുകാരിയെ അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കുട്ടിയുടെ പിതാവിന്റെ സഹോദരന്‍ കുട്ടിയെ ഒന്നരവര്‍ഷമായി ക്രൂരപീഡനത്തിന് ഇരയാക്കി വരുന്നതായാണ് പുറത്തുവരുന്ന വിവരം. കുട്ടി കൊല്ലപ്പെട്ട ദിവസവും കുട്ടിയെ ഇയാള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായാണ് വിവരം.
കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിലെ മുറിവ് പ്രതിയുടെ ലൈംഗിക വൈകൃതങ്ങളുടെ തെളിവാകുന്നുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കുഞ്ഞിന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചിട്ടുണ്ട്. കുട്ടിയുടെ വീടിന്റെ തൊട്ടരികില്‍ തന്നെയാണ് ഇയാളും താമസിച്ചിരുന്നത്. കുട്ടി പലപ്പോഴും ഇയാള്‍ക്കൊപ്പമാണ് ഉറങ്ങിയിരുന്നത്. കുഞ്ഞിന് രണ്ടര വയസുള്ളപ്പോള്‍ മുതല്‍ ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയിരുന്നു. താന്‍ കുഞ്ഞിന്റെ അടുത്ത ബന്ധുവായതിനാല്‍ ആരും സംശയിക്കില്ലെന്ന ധൈര്യമുണ്ടായിരുന്നു. കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ചൂഷണം ചെയ്തു. ഒരബദ്ധം പറ്റിപ്പോയെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പ്രതി ലൈംഗിക വൈകൃതങ്ങളുള്ള ആളാണെന്ന് പൊലീസ് പറയുന്നു. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് സൂചന നല്‍കി.
കഴിഞ്ഞ ഒന്നര വര്‍ഷമായി ഇയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പൊലീസ് സ്റ്റേഷനില്‍ വച്ച് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അശ്ലീലദൃശ്യങ്ങളുടെ ശേഖരം തന്നെ ഫോണിലുണ്ടെന്നാണ് വിവരം. അതേസമയം കുട്ടിയുടെ മാതാവിന്റെ അറിവോടെയാണോ പീഡനം എന്നതില്‍ വ്യക്തത വന്നിട്ടില്ല. ആലുവ ഡിവൈഎസ്പി ടി ആര്‍ രാജേഷിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റ സമ്മതം നടത്തിയത്.
