കാസര്‍കോട്: വന്യജീവി ആക്രമണങ്ങളില്‍ നിന്നു കൃഷിയെയും കര്‍ഷകരെയും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകസംഘത്തിന്റെ നേതൃത്വത്തിലുള്ള കര്‍ഷക മുന്നേറ്റ ജാഥയ്ക്ക് കാസര്‍കോട്, ബോവിക്കാനത്ത് ഉജ്ജ്വല തുടക്കം. കിസാന്‍സഭ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിജു കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വനം-വന്യജീവി നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തുക, ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യ ജീവികളെ കൊല്ലാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 30,31 തിയതികളില്‍ തിരുവനന്തപുരത്തുള്ള വനം വകുപ്പ് ഹെഡ് ഓഫീസിനു മുന്നില്‍ നടത്തുന്ന രാപ്പകല്‍ ഉപരോധത്തിന്റെ മുന്നോടിയായാണ് കര്‍ഷക മുന്നേറ്റ യാത്ര തുടങ്ങിയത്. കിസാന്‍ സഭ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ഇ.പി ജയരാജനാണ് ജാഥാ ലീഡര്‍. കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി വത്സന്‍ പനോലിയാണ് മാനേജര്‍. ഓമല്ലൂര്‍ ശങ്കരന്‍, എസ്.കെ പ്രീജ, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, സി.കെ രാജേന്ദ്രന്‍, ഡി.കെ മുരളി, കെ.ജെ ജോസഫ്, എന്‍.ആര്‍ സക്കീന എന്നിവരാണ് ജാഥാംഗങ്ങള്‍. വ്യാഴം വൈകുന്നേരം പനത്തടി, കോളിച്ചാലിലെ സ്വീകരണത്തിനു ശേഷം ജാഥ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. 29ന് തിരുവനന്തപുരത്ത് സമാപിക്കും. ഉദ്ഘാടന പരിപാടിയില്‍ കര്‍ഷക സംഘം സംസ്ഥാന പ്രസിഡണ്ട് എം.വിജയകുമാര്‍, എം.രാജഗോപാലന്‍ എം.എല്‍.എ, കെ.പി സതീഷ് ചന്ദ്രന്‍, എം. പ്രകാശന്‍ മാസ്റ്റര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
