കോഴിക്കോട്: രാമനാട്ടുകരയിൽ ഡ്രൈവിങ് പഠിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണ് ഒരാൾക്ക് പരുക്കേറ്റു. പെരുമുഖത്താണ് ഇന്ന് വൈകിട്ട് 5.30ഓടെ അപകടമുണ്ടായത്. സ്നേഹലത(60) ഓടിച്ച കാറാണ് കിണറ്റിൽ വീണത്. കാർ പിന്നോട്ട് എടുത്തു പഠിക്കുന്നതിനിടെ വീട്ടിൽ തന്നെയുള്ള കിണറ്റിൽ വീഴുകയായിരുന്നു. ഫയർഫോഴ്സെത്തിയാണ് ഇവരെ രക്ഷിച്ചത്. ഡ്രൈവിങ് പഠിച്ച സ്നേഹലത കാർ സ്ഥിരമായി റിവേഴ്സ് ഗിയറിലിട്ട് പരിശീലിക്കാറുണ്ട്. ഇങ്ങനെ പിന്നിലേക്കു എടുക്കുന്നതിനിടെ ബ്രേക്കിനു പകരം ആക്സിലേറ്ററിൽ ചവിട്ടിയതാണ് അപകടത്തിന് ഇടയാക്കിയത്. കാർ മിനി ക്രെയിൻ ഉപയോഗിച്ച് കിണറിൽ നിന്നു പുറത്തെടുത്തു.
