കണ്ണൂര്‍: കാഞ്ഞിരക്കൊല്ലിയിലെ നിധീഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. രണ്ടാംപ്രതി കോട്ടയംത്തട്ട് സ്വദേശി രതീഷാണ് പയ്യാവൂര്‍ പൊലീസിന്റെ പിടിയിലായത്. ഒന്നാംപ്രതി വിജേഷിനായി തെരച്ചില്‍ നടക്കുകയാണ്. കള്ളത്തോക്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന.
കൊല്ലപ്പണിക്കാരനായ മടത്തേടത് നിധീഷ് ബാബുവിന്റെ വീടിനോട് ചേര്‍ന്ന ആലയില്‍ ചൊവ്വാഴ്ച എത്തിയ വിജേഷും രതീഷും നിധീഷിനോട് അകാരണമായി പ്രശ്നമുണ്ടാക്കുകയായിരുന്നു. വാക്കുതര്‍ക്കമായതോടെ വാക്കത്തി എടുത്ത് നിതീഷിന്റെ തലയ്ക്ക് വെട്ടി. ശബ്ദംകേട്ടെത്തിയ നിധീഷിന്റെ ഭാര്യ ശ്രുതിക്കും വെട്ടേറ്റു. ശ്രുതി ആശുപത്രിയില്‍ ചികില്‍സിലാണ്.
