കൊച്ചി: പൊറോട്ടയും ബീഫ് ഫ്രൈയ്ക്കും ഒപ്പം സൗജന്യമായി ഗ്രേവി നൽകാത്തതു ചോദ്യം ചെയ്ത പരാതി എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി തള്ളി. കോലഞ്ചേരി പത്താം മൈലിലെ ദി പേർഷ്യൻ ടേബിൾ എന്ന റസ്റ്ററന്റിനെതിരെ എറണാകുളം സ്വദേശി എസ്. ഷിബു നൽകിയ പരാതിയാണ് തള്ളിയത്. സൗജന്യമായി ഗ്രേവി നൽകുമെന്ന് റസ്റ്ററന്റ് വാഗ്ദാനം ചെയ്തിരുന്നില്ല. ഇതിനു പണം ഈടാക്കിയിട്ടുമില്ല. ഭക്ഷണത്തിന്റെ ഗുണമേന്മയെക്കുറിച്ചോ അളവിനെക്കുറിച്ചോ സുരക്ഷയെക്കുറിച്ചോ പരാതിയില്ല. അതിനാൽ പരാതി പരിഗണിക്കാൻ അർഹമെല്ലന്ന് കോടതി വിധിക്കുകയായിരുന്നു.
2024ലാണ് പരാതിക്കാരനും സുഹൃത്തും റസ്റ്ററന്റിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും ഓർഡർ ചെയ്തത്. ഇതിനൊടൊപ്പം ഗ്രേവി ആവശ്യപ്പെട്ടെങ്കിലും നൽകാനാകില്ലെന്ന് ഹോട്ടൽ ഉടമ അറിയിച്ചു. തുടർന്ന് ഷിബു താലൂക്ക് സപ്ലൈ ഓഫിസറെ സമീപിച്ചു.
താലൂക്ക് സപ്ലൈ ഓഫിസറും ഫുഡ് സേഫ്റ്റി ഓഫിസറും പ്രതികൂലമായ റിപ്പോർട്ട് നൽകി. ഇതോടെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
