ആലപ്പുഴ: ഓൺലൈൻ ഓഹരി നിക്ഷേപത്തിൽ ലാഭം വാഗ്ദാനം ചെയ്ത് ഐടി ജീവനക്കാരനിൽ നിന്നു 15 ലക്ഷം രൂപ തട്ടിയ കേസിൽ 2 പേർ കൂടി അറസ്റ്റിൽ. കോഴിക്കോട് തിരുവമ്പാടി സ്വദേശി മുഹമ്മദ് ലൂക്മാൻ(22), മലപ്പുറം തിരൂരങ്ങാടി സ്വദേശി വിഷ്ണുജിത്ത് (28) എന്നിവരെയാണ് ആലപ്പുഴ ജില്ല സൈബർ പൊലീസ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. മലപ്പുറം സ്വദേശികളായ അബ്ദുൽ സലാം, അബ്ദുൽ ജലീൽ എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. കായംകുളം പത്തിയൂർ സ്വദേശിയാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ഡിസംബറിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പ്രതിനിധികളാണെന്നു അവകാശപ്പെട്ട് ടെലിഗ്രാം മുഖേനയാണ് പ്രതികൾ പരാതിക്കാരനുമായി ബന്ധപ്പെടുന്നത്. ശേഷം ഓഹരി വിപണിയിൽ നിക്ഷേപം നടത്തി ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് വ്യാജ വെബ്സൈറ്റിന്റെ ലിങ്ക് അയച്ചു നൽകി. ഇതിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യിപ്പിക്കുകയും നിക്ഷേപമായി പണം വാങ്ങുകയും ചെയ്തു. വ്യാജ വെബ്സൈറ്റിൽ വൻ ലാഭം ലഭിച്ചെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചാണ് പല തവണകളായി കൂടുതൽ പണം തട്ടിയെടുത്തത്. ഇത്തരത്തിൽ 15.11 ലക്ഷം രൂപ പരാതിക്കാൻ ഇവർക്കു നൽകി. വെബ്സൈറ്റിൽ കാണിക്കുന്ന പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടതായി ഇയാൾ തിരിച്ചറിഞ്ഞത്. പൊലീസിനെ സമീപിച്ചതോടെ തട്ടിപ്പിനു ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് പ്രതികളെ പിടികൂടുകയായിരുന്നു.
