ന്യൂഡൽഹി: അൻപതോളം പേരെ കൊലപ്പെടുത്തി മൃതദേഹം കനാലിലെ മുതലകൾക്ക് ഇട്ടു കൊടുത്ത കുപ്രസിദ്ധ സീരിയൽ കില്ലർ പിടിയിൽ. വധശിക്ഷ ലഭിച്ചു ജയിലിൽ കഴിയവെ പരോളിൽ ഇറങ്ങി മുങ്ങിയ ദേവേന്ദർ ശർമയാണ് (67) രാജസ്ഥാനിൽ നിന്നു പിടിയിലായത്. വ്യാജ പേരിൽ വൈദികനായി കഴിയുന്നതിനിടെയാണ് ഡൽഹി പൊലീസ് ഇയാളെ പിടികൂടിയത്. മരണത്തിന്റെ ഡോക്ടർ എന്നും ഇയാൾ അറിയപ്പെട്ടിരുന്നു.
ആയുർവേദ ഡോക്ടറാണ് ശർമ. 1984 മുതൽ ക്ലിനിക് നടത്തിയിരുന്നു. എന്നാൽ ബിസിനസ് നടത്തി 11 ലക്ഷം രൂപ നഷ്ടമായതോടെയാണ് ഇയാൾ കുറ്റകൃത്യങ്ങളിലേക്കു കടക്കുന്നത്. അവയവ കടത്തായിരുന്നു ആദ്യം. അനധികൃതമായി 125 പേരുടെ വൃക്ക മാറ്റിവച്ചു. പിന്നാലെ കൊലപാതകങ്ങളിലേക്കു തിരിഞ്ഞു. ടാക്സി, ട്രക്ക് ഡ്രൈവർമാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുതലകളുള്ള ഉത്തർപ്രദേശിലെ ഹസാര കനാലിൽ തള്ളുന്നതായിരുന്നു രീതി. തുടർന്ന് ഇവരുടെ വാഹനങ്ങൾ കരിഞ്ചന്തയിൽ വിറ്റ് പണമാക്കും. ഇങ്ങനെ അൻപതോളം പേരെ കൊലപ്പെടുത്തിയെന്നാണ് നിഗമനം. 2004ൽ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ, ഡൽഹി, ഹരിയാണ സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത 7 കേസുകളിൽ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വധശിക്ഷയും ജീവപര്യന്തവും ഉൾപ്പെടെ ലഭിച്ചു. തിഹാർ ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ 2023ൽ ഓഗസ്റ്റിൽ പരോളിൽ ഇറങ്ങി മുങ്ങുകയായിരുന്നു. 2020ലും 20 ദിവസത്തെ പരോളിനു പുറത്തിറങ്ങിയ ഇയാൾ മുങ്ങിയിരുന്നു. 7 മാസത്തിനു ശേഷം പൊലീസ് പിടികൂടി.
