കൊച്ചി: തിരുവാങ്കുളത്തെ നാല് വയസുകാരി കല്യാണിയുടെ കൊലപാതകത്തില്‍ മാതാവ് സന്ധ്യ കുറ്റം സമ്മതിച്ചെന്ന് ആലുവ റൂറല്‍ എസ്പി എം ഹേമലത. എന്നാല്‍ കൊലപാതക കാരണം വ്യക്തമായിട്ടില്ല. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ട്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അടുത്ത ബന്ധുക്കളെ ഉള്‍പ്പെടെ ചോദ്യം ചെയ്യുമെന്നും റൂറല്‍ എസ്പി വ്യക്തമാക്കി.
മുന്‍പും കൊലപാതക ശ്രമം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ആലുവ റൂറല്‍ എസ്പി എം ഹേമലത പറഞ്ഞു. മാനസിക നില പരിശോധിക്കേണ്ടത് വിദഗ്ധ നിര്‍ദേശങ്ങള്‍ക്ക് ശേഷമാകും. എന്നാല്‍ പറഞ്ഞ് കേള്‍ക്കുന്ന പരാതികള്‍ക്ക് അനുസൃതമായി തെളിവ് ലഭിച്ചിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്പി പറഞ്ഞു. കല്യാണിയെ പാലത്തിനു മുകളില്‍ നിന്ന് പുഴയിലേക്ക് എറിഞ്ഞെന്ന് സന്ധ്യ പൊലീസിനോട് സമ്മതിച്ചു. സന്ധ്യയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് കുടുംബം പറയുന്നു. കല്യാണിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ കുടുംബപ്രശ്‌നങ്ങളാണെന്ന സന്ധ്യയുടെയും കുടുംബത്തിന്റെയും വാദം തള്ളുകയാണ് ഭര്‍ത്താവ്. സന്ധ്യയുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഭര്‍ത്താവ് സുഭാഷ് പറഞ്ഞു. പുലര്‍ച്ചെ 2.20നാണ് മൂഴിക്കുളത്ത് ചാലക്കുടിപ്പുഴയില്‍ കല്യാണിയുടെ മൃതദേഹം കണ്ടെടുത്തത്.
കല്യാണിയുടേത് മുങ്ങിമരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന് ഹൃദയാഘാതമുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. ശ്വാസകോശം ഉള്‍പ്പെടെ ആന്തരിക അവയവങ്ങളില്‍ വെള്ളം കയറിയിരുന്നു. ഇന്ന് വൈകിട്ട് തിരുവാങ്കുളം പൊതുശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക.
