കൊച്ചി: തിരുവാങ്കുളത്ത് അങ്കണവാടിയിൽ നിന്നു അമ്മ കൂട്ടിക്കൊണ്ടുപോയ 3 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. എട്ടരമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ പുലർച്ചെ 2.20ഓടെയാണ് മൂഴിക്കുളം പാലത്തിനടിയിലെ മൂന്നാമത്തെ തൂണിനു സമീപത്തു നിന്ന് മൃതദേഹം കണ്ടെത്തിയത്. മറ്റക്കുഴി കീഴ്പിള്ളിൽ സുഭാഷിന്റെ മകൾ കല്യാണിയാണ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് 3.30ഓടെ പണിക്കരുപടിയിലെ അങ്കണവാടിയിൽ നിന്ന് അമ്മ കല്യാണിയെ കൂട്ടിക്കൊണ്ടു പോയി. എന്നാൽ വീട്ടിലേക്ക് പോകുന്നതിനു പകരം സ്വന്തം വീടായ ആലുവയ്ക്കടുത്ത് കുറുമശേരിയിലേക്ക് പോയി. 7 മണിയോടെ അമ്മ വീട്ടിൽ തിരിച്ചെത്തുമ്പോൾ കുട്ടി ഒപ്പമുണ്ടായിരുന്നില്ല. കുട്ടിയെ കാണാനില്ലെന്ന് ആദ്യം പറഞ്ഞ അമ്മ, ഉപേക്ഷിച്ചതാണെന്ന് പിന്നീട് മൊഴി നൽകി. മൂഴിക്കുളം പാലത്തിന്റെ ഭാഗത്ത് കുട്ടിയുമായി അമ്മ വന്നുവെന്ന വിവരം ലഭിച്ചു. തുടർന്ന് ആലുവയിൽ നിന്നുള്ള ആറംഗ യുകെ സ്കൂബ സംഘം നടത്തിയ തിരച്ചിലിലാണ് കല്യാണിയുടെ മൃതദേഹം കിട്ടിയത്. അമ്മയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് സൂചന. പരസ്പര വിരുദ്ധമായാണ് ഇവർ സംസാരിക്കുന്നത്. ഇവർ പൊലീസ് കസ്റ്റഡിയിലാണ്.
