കൊച്ചി: കശുവണ്ടി ഇറക്കുമതി ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ പ്രതി കൊല്ലം കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായിയെ കേസിൽ നിന്ന് ഒഴിവാക്കാൻ ഇ.ഡി. കൊച്ചി യൂണിറ്റിലെ അസിസ്റ്റൻറ് ഡയറക്ടർ ശേഖർ കുമാർ ഇടനിലക്കാർ മുഖേന രണ്ടുകോടി രൂപ ആവശ്യപ്പെട്ടതായി പരാതി. പരാതിയിൽ ഇ.ഡി. അസിസ്റ്റൻറ് ഡയറക്ടർ ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. കേസിൽ കൊച്ചി വാരിയം റോഡിലെ ചാർട്ടേഡ് അക്കൗണ്ടൻ്റ് രഞ്ജിത്ത് വാര്യർ, ഇടനിലക്കാരൻ വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുകേഷ് കുമാർ ജയിൻ എന്നിവരെ വിജിലൻസ് അറസ്റ്റ് ചെയ്തു. കൈകൂലിത്തുക ഇ.ഡി.അസിസ്റ്റൻറ് ഡയറക്ടർ ശേഖർ കുമാറിന് വേണ്ടിയാണെന്ന് ഇവരാണ് വിജിലൻസിനെ അറിയിച്ചത്. കൈക്കൂലിയുമായി ബന്ധപ്പെട്ടു വകുപ്പ് തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കശുവണ്ടി വ്യവസായി കൊട്ടാരക്കരയിലെ അനീഷ് ബാബുവാണ് വിജിലൻസിന് പരാതി നൽകിയത്. കശുവണ്ടി ഇറക്കുമതിയിൽ ഇയാൾ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് ഇ.ഡി. ഇയാളെ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്ന് വ്യവസായി സുപ്രീംകോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിരുന്നു. തുടർന്നാണ് കേസിൽ നിന്ന് ഒഴിവാക്കാമെന്നും അതിന് ഇ.ഡി. അസി.ഡയറക്ടർക്ക് രണ്ടു കോടി രൂപ കൈക്കൂലി നൽകണമെന്നും ആവശ്യപ്പെട്ട് ഇടനിലക്കാരനായ വിൽസൺ വർഗീസ് കശുവണ്ടി വ്യവസായിയെ സമീപിച്ചത്. വ്യവസായി അത് സമ്മതിക്കുകയും ചെയ്തിരുന്നുവെന്ന് പറയുന്നു. അതിനിടയിൽ വ്യവസായിക്ക് വീണ്ടും സമൻസ് വരുകയും വ്യവസായി വിജിലൻസിൽ പരാതിപ്പെടുകയും ആയിരുന്നു . കോഴ ഇ.ഡി. അസി. ഡയറക്ടർ ശേഖർ കുമാറിനു വേണ്ടിയാണെന്ന് കേസിൽ അറസ്റ്റിലായവരാണ് വിജിലൻസിനെ അറിയിച്ചത്. ഇ.ഡി. അസി. ഡയറക്ടർ ശേഖർ കുമാർ ആണ് ഒന്നാംപ്രതി ഇടനിലക്കാരൻ വിൽസൺ വർഗീസ് രണ്ടാം പ്രതിയും രാജസ്ഥാൻ സ്വദേശി മുകേഷ് കുമാർ ജയിൻ മൂന്നാം പ്രതിയും ചാർട്ടേഡ് അക്കൗണ്ടൻ്റ് കൊച്ചി സ്വദേശി രഞ്ജിത്ത് വാര്യർ നാലാം പ്രതിയുമായാണ് വിജിലൻസ് കേസെടുത്തത്. അറസ്റ്റിലായ രണ്ടും മൂന്നും നാലും പ്രതികളെ കോടതി വിജിലൻസ് കസ്റ്റഡിയിൽ വിട്ടു .ചാർട്ടേഡ് അക്കൗണ്ടൻറിൻ്റെ നിർദ്ദേശപ്രകാരമാണ് മറ്റുള്ളവർ പ്രവർത്തിച്ചിരുന്നതെന്ന് പറയുന്നു. മെയ് ആറിനാണ് രണ്ടു കോടി രൂപ കൈക്കൂലി നൽകിയാൽ കശുവണ്ടി ഇടപാട് തരികിടയിൽ പ്രതിയാകാതിരിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം നൽകി ഇടനിലക്കാരനായ വിൽസൺ വ്യവസായി അനീഷ് കുമാറിനെ സമീപിച്ചത്. തുടർന്ന് ഇവർ എറണാകുളത്ത് രണ്ടുതവണ കാറിൽ ഇരുന്ന് ചർച്ച നടത്തി. ചർച്ചയിൽ 50 ലക്ഷം രൂപ നാലു തവണയായി മുംബൈയിലെ ഒരു വ്യവസായിയുടെ പേരിൽ കേരളത്തിന് പുറത്തുള്ള ഒരു സ്വകാര്യബാങ്കിലെ അക്കൗണ്ടിലേക്ക് ഇടാമെന്ന് തീരുമാനവും ഉണ്ടായിരുന്നതായി പറയുന്നു. ഇതിനു പുറമേ രണ്ടു ലക്ഷം രൂപ പണമായി നൽകണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് കൊച്ചി പനമ്പള്ളി നഗറിൽ വച്ച് പണം കൈമാറുന്നതിനിടയിലാണ് വിജിലൻസ് വിൽസനെ പിടികൂടിയത്. ഇതോടെ പണം തനിക്ക് അല്ലെന്നും അത് ഇ. ഡി. അസിസ്റ്റൻറ് ഡയറക്ടർക്കുള്ളതാണെന്നും പണം മറ്റുള്ളവർ മുഖേനയാണ് അയാളുടെ കൈയിൽ എത്തുന്നതെന്നും താൻ ഇടനിലക്കാരൻ മാത്രമാണെന്നും വിൽസൻ വിജിലൻസിനോട് ആവർത്തിച്ച് പറഞ്ഞു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ഹവാല ഇടപാടുകാരനായ മുകേഷ് കുമാർ ജയിനും ചാർട്ടേഡ് അക്കൗണ്ടൻ്റും പിടിയിലായത്. ചാർട്ടേഡ് അക്കൗണ്ടൻറാണ് പരാതിക്കാരന്റെ പൂർണ്ണ വിവരവും വിലാസവും വിത്സനും മുകേഷ് കുമാർ ജയിനും കൈമാറിയതെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മറ്റുള്ളവർ ഉടൻ അറസ്റ്റിലാകുമെന്ന് സൂചനയുണ്ട്.
