ഗുവഹത്തി: അസുഖം മൂലം ചികില്‍സയിലായിരുന്ന ആസാമീസ് ഗായിക ഗായത്രി ഹസാരിക അന്തരിച്ചു. 44 വയസ്സായിരുന്നു. ഗുവാഹത്തിയിലെ നെംകെയര്‍ ആശുപത്രികളില്‍ വന്‍കുടല്‍ കാന്‍സറിന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. മൂന്ന് ദിവസം മുമ്പ് നില വഷളായതിനെ തുടര്‍ന്ന് അവരെ പ്രവേശിപ്പിച്ചിരുന്നു. ഗായികയുടെ അകാല വിയോഗം ആരാധകരെയും സംഗീത സിനിമ ലോകത്തെയും സഹപ്രവര്‍ത്തകരെയും ഞെട്ടിച്ചിട്ടുണ്ട്. പലരും സോഷ്യല്‍ മീഡിയയില്‍ ദുഃഖം രേഖപ്പെടുത്തി. ‘സാറാ പാടേ പാടേ ഫാഗുണ്‍ നെയിം’ എന്ന പ്രശസ്ത ഗാനത്തിലൂടെയാണ് പ്രശസ്തയായത്. ‘തുമി കുന്‍ ബിരോഹി അനന്യ’, ‘ജങ്ക് നാസില്‍ ബോണോട്ട്’, ‘ഷുജി ഷോപോണ്‍’ തുടങ്ങിയ ഗാനങ്ങള്‍ക്കും ഗായത്രി ശബ്ദം നല്‍കിയിരുന്നു. ആസാമീസ് സംഗീതത്തിന് ഗായത്രി ഹസാരിക നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്. നിരവധി ആസാമീസ് ക്ലാസിക്കുകള്‍ക്ക് ജീവന്‍ നല്‍കിയിട്ടുണ്ട്.
ഗായത്രി ഹസാരികയുടെ മൃതദേഹം എ.എ.എസ്.യു ആസ്ഥാനമായ സ്വാഹിദ് ന്യാസില്‍ പൊതു ദര്‍ശനത്തിന് വച്ചു. ശനിയാഴ്ച രാത്രി നബഗ്രഹ ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.
