കാസര്‍കോട്: എന്മകജെ പെര്‍ളയിലെ വ്യാപാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. ഐശ്വര്യ ട്രേഡിംഗ് കമ്പനി ഉടമയായ പെര്‍ളയിലെ ഡി. വിവേകാനന്ദ (41)യെ ആണ് കാണാതായത്. ഭാര്യ കെ. സുനിത നല്കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെയ് 13ന് രാവിലെ ആറു മണിക്ക് പതിവുപോലെ കടയിലേക്ക് പോയതായിരുന്നു. കട തുറന്ന ശേഷം പത്തുമണിയോടെ വീട്ടില്‍ തിരിച്ചെത്തി പ്രഭാത ഭക്ഷണം കഴിക്കുകയാണ് പതിവ്. എന്നാല്‍ 13-ാം തിയതി കടയിലേക്കു പോയ ശേഷം തിരിച്ചെത്തിയില്ല. കാണാതായ വിവേകാനന്ദന് രണ്ട് ഫോണുകളുണ്ട്. ഒന്ന് വീട്ടിലും മറ്റൊന്ന് കടയിലും വെയ്ക്കാറാണ് പതിവ്. കാണാതായ ദിവസം വിവേകാനന്ദ ഭാര്യയെ വിളിച്ച് ഗോവയിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് പോവുകയാണെന്നു പറഞ്ഞതായി പറയുന്നുണ്ട്. എന്നാല്‍ ഗോവയില്‍ എത്തിയോ എന്ന കാര്യം സ്ഥിരീകരിക്കാനായില്ല. തുടര്‍ന്നാണ് ഭാര്യ സുനിത ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കിയത്.
