09 മെയ് 2025
ശ്രീമതി. വീണ ജോര്‍ജ്
ബഹു. ആരോഗ്യ വകുപ്പു മന്ത്രി
ഇതോടൊപ്പം അറ്റാച്ചുചെയ്തിട്ടുളള റിക്വസിഷന്‍ ഫോം നോക്കുക.
ബഹുമാനപ്പെട്ട മാഡം,
കാസർകോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കൃത്യവിലോപം ശ്രദ്ധയില്‍ പെടുത്താനാണ് ഇതെഴുതുന്നത്.
വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന രോഗികളെ പന്തുതട്ടുന്നതുപോലെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കുന്നതു അവസാനിപ്പിക്കണം. ഇതോടൊപ്പം അറ്റാച്ചുചെയ്തിട്ടുളള റിക്വസിഷന്‍ ഫോം നോക്കുക. ഇതില്‍ പ്രോട്ടോകോള്‍ പ്രകാരം രേഖപ്പെടുത്തേണ്ട യാതൊരു വിവരവും എഴുതിയിട്ടില്ല. ഈ കുറിപ്പുമായി എക്‌സ്‌റേ എടുക്കാന്‍ ചെന്നപ്പോള്‍ വിവരം രേഖപ്പെടുത്തി വരാന്‍ നിര്‍ദേശിച്ചു രോഗിയെ പറഞ്ഞുവിട്ടു. ഡോക്ടറെ ചെന്നു കണ്ടിട്ടും എഴുതികൊടുത്തില്ല. ഒപി ടിക്കറ്റ് നോക്കി എഴുതാന്‍ ഉപദേശിച്ചു തിരിച്ചയച്ചു.
എക്‌സ്‌റേ എടുക്കുന്നിടത്തു നിന്നു കയറ്റം കയറി വേണം ഡോക്ടറെ കാണാന്‍. മൂന്നു തവണ കയറിയിറങ്ങിയിട്ടു കാര്യം സാധിച്ചില്ല. ഒരു പാവം രോഗി നിസഹായതയോടെ നില്‍ക്കുന്നതു കണ്ടാണ് ഞാന്‍ കാര്യം അന്വേഷിക്കുകയും റിക്വസിഷന്‍ ഫോട്ടോ എടുക്കുകയും ചെയ്തത്.
എല്ലാവര്‍ക്കും ഇങ്ങനെ തന്നെയാണോ എന്നറിയാന്‍ മറ്റൊരു റിക്വസിഷന്‍ ഒരു രോഗിയില്‍ നിന്നു വാങ്ങി. അതിലും ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. പേരിന്റെ സ്ഥാനത്ത് എന്തോ കുത്തിവരമാത്രം!
ഇത്തരം വാലും തുമ്പുമില്ലാത്ത റിക്വസ്റ്റുമായി വരുമ്പോഴാണ് കൈയ്ക്കു പകരം കാലിന്റെ എക്‌സ്‌റേയും മറ്റും എടുക്കേണ്ട സ്ഥിതി ഉണ്ടാവുന്നത്. ഇതു ഗൗരവമായി പരിഗണിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
വിശ്വസ്തതയോടെ
നസീർ അലി
മൊഗ്രാൽ
കാസർകോട്
