തിരുവനന്തപുരം: 42 വയസ്സുകാരിക്കു നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. രോഗിയെ പരിചരിച്ചവർ ഉൾപ്പെടെ ഹൈ റിസ്ക് കാറ്റഗറിയിലുള്ള 7 പേരുടെ സാമ്പിൾ പരിശോധിച്ചതു നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിനി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വെന്റിലേറ്ററിലാണ് ഇവരുള്ളത്. ഇവർ എവിടെയൊക്കെ പോയെന്ന് പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് അസ്വാഭാവിക മരണങ്ങളൊന്നും ഉണ്ടായിട്ടില്ല. വളാഞ്ചേരി നഗരസഭ രണ്ടാം വാർഡിൽ 3 കിലോമീറ്റർ ചുറ്റളവിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
