ഇസ്ലാമാബാദ്: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിന് തിരിച്ചടി നൽകാൻ പാക് സൈന്യത്തിനു സ്വാതന്ത്ര്യം നൽകി ദേശീയ സുരക്ഷാ സമിതി. പ്രതികരണം തീരുമാനിക്കാൻ സർക്കാർ, സൈന്യത്തിനു നിർദേശം നൽകിയതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കനത്ത തിരിച്ചടി ലഭിച്ചതിനു പിന്നാലെ ഇന്ത്യൻ നയതന്ത്രപ്രതിനിധിയെ വിളിച്ചു വരുത്തി പാകിസ്താൻ പ്രതിഷേധം അറിയിച്ചിരുന്നു.
എന്നാൽ ഇന്ത്യ സംഘർഷം ഒഴിവാക്കിയാൽ പ്രശ്നപരിഹാരത്തിനു തയാറാണെന്നു പാക് പ്രതിരോധമന്ത്രി ക്വാജ ആസിഫ് നേരത്തേ പ്രതികരിച്ചിരുന്നു.
അതിനിടെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സർവകക്ഷി യോഗം വിളിച്ചു. നാളെ രാവിലെ 11നാണ് യോഗം നടക്കുക. ഒപ്പം രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഓൺലൈനായി കൂടിക്കാഴ്ച നടത്തി. ജമ്മുകശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് ബിഹാർ, സിക്കിം, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ഡിജിപിമാർ, കാബിനറ്റ് സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
