ബെയ്ജിങ്: ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ച ചൈനീസ് സർക്കാർ മാധ്യമം ഗ്ലോബൽ ടൈംസിന്റെ നടപടിയെ അപലപിച്ച് ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യൻ സൈന്യം പാക് ഭീകരകേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്തകളിൽ ഇന്ത്യൻ വ്യോമസേനയുടെ മിക്-29 വിമാനം സാങ്കേതിക തകരാറുകളെ തുടർന്ന് തകർന്നു വീണതിന്റെ പഴയ ചിത്രവും ഗ്ലോബൽ ടൈംസ് ഉൾപ്പെടുത്തുകയായിരുന്നു. ഇതോടെ മിഗ്-29 വിമാനം പാക്കിസ്താൻ സൈന്യം വെടിവച്ചിട്ടെന്ന പ്രചാരണം ശക്തമായി. സമൂഹമാധ്യമങ്ങളിൽ പാക് അനുകൂലികൾ വ്യാപക പ്രചാരണം നടത്തിയതോടെയാണ് ഇന്ത്യ പ്രതിഷേധവുമായി രംഗത്തെത്തിയത്. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനു മുന്നോടിയായി വസ്തുതകൾ ശരിയാണെന്ന് ഉറപ്പാക്കാൻ ഗ്ലോബൽ ടൈംസ് തയാറാകണമെന്ന് ചൈനയിലെ ഇന്ത്യൻ എംബസി നിർദേശിച്ചു.
എന്നാൽ പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്താനു പൂർണ പിന്തുണ പ്രഖ്യാപിച്ച മുൻനിലപാടിൽ നിന്നു ചൈന പിന്നാക്കം പോയി. ഇന്ത്യയും പാക്കിസ്താനും തങ്ങളുടെ അയൽക്കാരാണെന്നും മേഖലയിലെ സമാധാനം നിലനിർത്താൻ ഇരുരാജ്യങ്ങളും തയാറാകണമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
