കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പുക പടർന്ന സംഭവത്തിൽ രോഗികൾ ശ്വാസം കിട്ടാതെ മരിച്ചെന്ന ആരോപണം അധികൃതർ തള്ളി . ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 4 പേർ ആശുപത്രിയിൽ മരിച്ചു. എന്നാൽ ഇതിനു പുക പടർന്ന സംഭവവുമായി ബന്ധമില്ലെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സജിത്ത് കുമാർ പറഞ്ഞു.
പുക ശ്വസിച്ച് ആരും മരിച്ചിട്ടില്ല. മരിച്ച 4 രോഗികളും ഗുരുതരാവസ്ഥയിലായിരുന്നു. ഒരാൾ തൂങ്ങി മരിക്കാൻ ശ്രമിച്ചതായിരുന്നു. മറ്റൊരാൾക്കു കാൻസറും. ഒരാൾക്ക് കരൾ രോഗമായിരുന്നു. ഒപ്പം വൃക്കയും തകരാറിലായിരുന്നു. നാലാമത്തെയാൾ ന്യുമോണിയ ബാധിച്ചാണ് മരിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
പുക ശ്വസിച്ചു 3 പേർ മരിച്ചെന്ന ടി. സിദ്ദിഖ് എംഎൽഎയുടെ ആരോപണത്തിനു പിന്നാലെയാണ് പ്രതികരണം. പുക വന്നപ്പോൾ വെന്റിലേറ്ററിലേക്കു മാറ്റിക്കൊണ്ടിരുന്നപ്പോഴാണ് മരണമെന്നാണ് ആരോപണം.
ഇന്നലെ രാത്രി 7.40നാണ് അത്യാഹിത വിഭാഗത്തിലെ എംആർഐ സ്കാനിങ്ങിന്റെ സെർവർ റൂമിൽ നിന്നു പുക ഉയർന്നത്. ഷോർട് സർക്ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ രോഗികളെയും ഉപകരണങ്ങളും മാറ്റിയിരുന്നു. 30 രോഗികൾ സ്വമേധയാ സ്വകാര്യ ആശുപത്രികളിലേക്ക് മാറി. മറ്റുള്ളവർ ബീച്ച് ആശുപത്രിയിലാണുള്ളത്. അതിനിടെ കെട്ടിടം സീൽ ചെയ്തു. പഴയ കാഷ്വാലിറ്റിയിൽ താൽക്കാലിക അത്യാഹിത വിഭാഗം സജ്ജീകരിച്ചിട്ടുണ്ട്.
