കൽപറ്റ: വയനാട്ടിൽ ബിഎംഡബ്ലു കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവും യുവതിയും പിടിയിലായി. കണ്ണൂർ അഞ്ചാംപീടിക സ്വദേശി കെ. ഫസൽ, തളിപ്പിറമ്പ് സ്വദേശിനി കെ. ഷിൻസിത എന്നിവരാണ് അറസ്റ്റിലായത്. 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരിൽ നിന്നു പിടിച്ചെടുത്തു. 96,290 രൂപയും ഇവരുടെ പക്കലുണ്ടായിരുന്നു. വാഹനപരിശോധനയ്ക്കിടെ കാറിലെ ഡിക്കിയിൽ 2 കവറുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഉപയോഗത്തിനും വിൽപനയ്ക്കുമായി ബെംഗളൂരുവിൽ നിന്നു വാങ്ങിയതാണു കഞ്ചാവെന്ന് ഇവർ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
