കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ തീപിടിത്തമുണ്ടായതിനിടെ 5 രോഗികൾ മരിച്ച സംഭവം വിദഗ്ധ സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരാണ് വിദഗ്ധ സംഘത്തിൽ ഉണ്ടാകുക. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണോ രോഗികൾ മരിച്ചതെന്നു കണ്ടെത്തുകയാണ് അന്വേഷണത്തിലൂടെ ലക്ഷ്യമിടുന്നത്. വിവിധ വകുപ്പുകളുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചു. അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കാര്യങ്ങൾ വ്യക്തമാകൂവെന്നും മന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 7.40ഓടെയാണ് അത്യാഹിത വിഭാഗത്തിലെ എംആർഐ സ്കാനിങ്ങിന്റെ സെർവർ റൂമിൽ നിന്നു പുക ഉയർന്നത്. പിന്നാലെ രോഗികളും ഉപകരണങ്ങളും മാറ്റി. എന്നാൽ അപകടത്തെ തുടർന്ന് 5 പേർ മരിച്ചതായി ആരോപണം ഉയരുകയായിരുന്നു. എന്നാൽ ഗുരുതരാവസ്ഥയിലുള്ള രോഗികളാണ് മരിച്ചതെന്നും തീപിടത്തവുമായി ഇതിനു ബന്ധമില്ലെന്നും മെഡിക്കൽ കോളജ് അധികൃതർ വിശദീകരിച്ചു.
