പയ്യന്നൂര്‍: കല്യാണവീട്ടില്‍ നിന്നു 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച പോയി. കരിവെള്ളൂര്‍, പലിയേരിയിലെ അര്‍ജ്ജുന്റെ വീട്ടിലാണ് കവര്‍ച്ച. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരനാണ് അര്‍ജ്ജുന്‍. ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി ആര്‍ച്ച എസ് സുധിയും അര്‍ജ്ജുനും തമ്മിലുള്ള വിവാഹം വ്യാഴാഴ്ചയാണ് നടന്നത്. കൊട്ടണച്ചേരി ക്ഷേത്ര ഓഡിറ്റോറിയത്തിലായിരുന്നു കല്യാണം. വിവാഹത്തിനു ശേഷം വീട്ടിലെത്തിയ ആര്‍ച്ച രാത്രിയില്‍ ആഭരണങ്ങളെല്ലാം ഊരി അലമാരയിലാണ് വച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ എഴുന്നേറ്റപ്പോഴാണ് ആഭരണങ്ങള്‍ കാണാതായ കാര്യം അറിഞ്ഞത്. അലമാര കുത്തിപ്പൊളിച്ചതിന്റെയോ വാതില്‍ തകര്‍ത്തതിന്റെയോ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. പയ്യന്നൂര്‍ എസ്.ഐ യദുകൃഷ്ണന്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പ്രതിശ്രുത വരനും വധുവും മുറിയടച്ചു കിടക്കുന്നതിനു മുമ്പു തന്നെ ആഭരണങ്ങള്‍ മോഷണം പോയതായിരിക്കാമെന്നാണ് സംശയിക്കുന്നത്.
