കാസര്‍കോട്: പെരിയ, കല്യോട്ട് ഗൃഹനാഥനെ വീട്ടു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്യോട്ട് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ കുഞ്ഞാച്ചം വീട്ടില്‍ വി നാരായണ(60)നാണ് മരിച്ചത്. ഇയാളെ രണ്ടു ദിവസമായി കാണാനില്ലായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ പരിസരവാസികള്‍ തെരയുന്നതിനിടയിലാണ് മൃതദേഹം കിണറ്റിനകത്ത് കണ്ടെത്തിയത്.
കയര്‍ കിണറ്റിലേയ്ക്ക് തൂങ്ങിക്കിടക്കുന്നതു കണ്ടു പരിശോധിച്ചപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. കിണറ്റിലേയ്ക്ക് ഇറങ്ങിയ കയറില്‍ കുടവും ഉണ്ടായിരുന്നു. വെള്ളം കോരുന്നതിനിടയില്‍ വീണതായിരിക്കുമെന്നാണ് സംശയം. മൃതദേഹം കരയ്‌ക്കെടുത്ത് വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ബേക്കല്‍ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
മാതാപിതാക്കള്‍: പരേതരായ പാറ്റേന്‍ മുത്തു മണിയാണി- തമ്പായി അമ്മ. ഭാര്യ: ഓമന. മക്കള്‍: രസ്‌ന, സൂരജ്. സഹോദരങ്ങള്‍ : സരോജിനി, നാരായണി.
