കാസര്‍കോട്: അപകടകരമായ രീതിയില്‍ ഫോര്‍ച്യൂണര്‍ കാറോടിച്ച് റീല്‍സ് ചിത്രീകരിച്ച സംഘത്തിലെ ഒരാളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. കാറോടിച്ച ആളെ ആണ് അറസ്റ്റു ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഉപ്പള, സോങ്കാല്‍, കോടിബയലിലെ മുഹമ്മദ് റിയാസ് (19) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച വൈകുന്നേരം അഞ്ചരമണിയോടെയാണ് കേസിനാസ്പദമായ സംഭവം. സീതാംഗോളി-മായിപ്പാടി റോഡിലെ രാജസ്ഥാന്‍ മാര്‍ബിളിനു സമീപത്തെ ഗ്രൗണ്ടിലാണ് സംഭവം. വിവരമറിഞ്ഞ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ കെ. ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് എത്തിയപ്പോള്‍ അഭ്യാസം നടത്തിക്കൊണ്ടിരുന്ന കാര്‍ അമിത വേഗതയില്‍ ഓടിച്ചു പോവുകയായിരുന്നു. പിന്തുടര്‍ന്ന് പൊലീസ് അനന്തപുരത്ത് വച്ചാണ് കാര്‍ പിടികൂടിയത്.
നേരത്തെ കുമ്പള സ്‌കൂള്‍ ഗ്രൗണ്ടിനു സമീപത്തും പച്ചമ്പളയിലും സമാനരീതിയില്‍ റീല്‍സ് ചിത്രീകരണം നടന്നിരുന്നു. പച്ചമ്പളയിലെ ചിത്രീകരണത്തിനിടയില്‍ താര്‍ ജീപ്പ് തീപിടിച്ച് കത്തി നശിച്ചിരുന്നു. ഭാഗ്യത്തിനാണ് അന്ന് ആളപായം ഒഴിവായത്. അപകടകരമായ രീതിയില്‍ റീല്‍സ് ചിത്രീകരണം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നു ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍ പറഞ്ഞു.
