ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിക്കു കോടതിയില്‍ തിരിച്ചടി. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപ്പത്രം അപൂര്‍ണമാണെന്നും കൂടുതല്‍ രേഖകള്‍ ഹാജരാക്കാനും ഡല്‍ഹി അവന്യു കോടതി ഇഡിയോട് നിര്‍ദേശിച്ചു. കേസില്‍ പ്രതികളായ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, എഐസിസി മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ കോടതി വിസമ്മതിച്ചു. നോട്ടീസ് അയക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കേസ് മേയ് 2ന് വീണ്ടും പരിഗണിക്കും.
1938ല്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് പാര്‍ട്ടി മുഖപത്രമായി നാഷനല്‍ ഹെറാള്‍ഡ് തുടങ്ങിയത്. പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് പുതുതായുണ്ടാക്കിയ ‘യങ് ഇന്ത്യ കമ്പനി’ ഏറ്റെടുത്തതില്‍ 5000 കോടി രൂപയുടെ അഴിമതിയുണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്.
സോണിയ ഗാന്ധി ഒന്നും രാഹുല്‍ഗാന്ധി രണ്ടും പ്രതിയാണ്. അമേരിക്കന്‍ വ്യവസായിയും ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനുമായ സാം പിത്രോദയെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
