ശ്രീനഗർ: ജമ്മുകശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെയുണ്ട ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ ഒരു മലയാളിയും. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് (65) മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് കുടുംബത്തോടൊപ്പം രാമചന്ദ്രൻ പഹൽഗാമിലെത്തിയത്. ഭാര്യ ഷീല രാമചന്ദ്രൻ, മകൾ ആരതി, ആരതിയുടെ 2 ഇരട്ടക്കുട്ടികൾ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. മകളുടെ മുന്നിൽവച്ചാണ് ഭീകരർ രാമചന്ദ്രനെ വെടിവച്ചു കൊന്നത്. കുടുംബം സുരക്ഷിതരാണെന്നാണ് വിവരം. മരിച്ചവരിൽ 2 വിദേശികളും കൊച്ചി നാവികസേന ഉദ്യോഗസ്ഥനായ ഹരിയാണ സ്വദേശി ലഫ്റ്റനന്റ് വിനയ് നർവാൾ(26), ഐബി ഓഫിസർ മനീഷ് രഞ്ജൻ എന്നിവരും ഉൾപ്പെടുന്നു. ഇരുപതിലധികം പേർക്ക് പരിക്കേറ്റു. ഒട്ടേറെ വിനോദസഞ്ചാരികൾ മേഖലയിൽ കുടുങ്ങി. മേഖലയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്ത്യയിലെത്തും. ഡൽഹി, മുംബൈ, ജയ്പുർ, അമൃത്സർ ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ സുരക്ഷ കർശനമാക്കി. എൻഐഎ സംഘം ഇന്ന് കശ്മീരിലെത്തും.ഭീകരാക്രമണത്തിൽ പെട്ട മലയാളികൾക്കു സഹായങ്ങൾ നൽകാൻ നോർക്ക റൂട്ട്സിനു നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മരിച്ച രാമചന്ദ്രന്റെ കുടുംബത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ ഉൾപ്പെടെ ലോകനേതാക്കൾ ആക്രമണത്തെ അപലപിച്ചു. ബൈസാരൻ താഴ്വരയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് ആക്രമണമുണ്ടായത്. ട്രക്കിങ്ങിനായി മേഖലയിലെത്തിയ വിനോദസഞ്ചാരികൾക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. നടന്നോ കുതിരപ്പുറത്തോ മാത്രം എത്താൻ കഴിയുന്ന മേഖലയിലേക്കു സൈനിക വേഷത്തിലെത്തിയാണ് ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ദ റസിസ്റ്റൻസ് ഫ്രണ്ട് എന്ന ഭീകരസംഘടന ഏറ്റെടുത്തിട്ടുണ്ട്. 2019ലെ പുൽവാമ ആക്രമണത്തിനു ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
