കാസര്‍കോട്: മകന്‍ മരിച്ചതിനു പിന്നാലെ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമായ പിതാവും മരണപ്പെട്ടു. കുമ്പള, മാവിനക്കട്ടയിലെ കൃഷ്ണന്‍ ചെട്ടിയാര്‍ (78) ആണ് ബുധനാഴ്ച രാവിലെ 8.15 മണിയോടെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ മരിച്ചത്.
കൃഷ്ണന്‍ ചെട്ടിയാരുടെ മകന്‍ ദിനേശനെ ഏപ്രില്‍ 15ന് വീട്ടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൃഷ്ണന്‍ ചെട്ടിയാറെ ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയതിനാല്‍ ദിനേശന്‍ ഒഴികെയുള്ള കുടുംബാംഗങ്ങളെല്ലാം മംഗ്‌ളൂരുവിലെ ആശുപത്രിയിലായിരുന്നു. 15ന് സഹോദരന്‍ വീട്ടില്‍ എത്തിയപ്പോള്‍ വീട് അകത്തു നിന്നു കുറ്റിയിട്ട നിലയില്‍ കണ്ടെത്തി. പൊലീസെത്തി വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്നപ്പോള്‍ നിലത്തു വീണു മരിച്ച നിലയിലാണ് ദിനേശിനെ കണ്ടെത്തിയത്. ഈ സംഭവത്തില്‍ കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു.
മകനെ അവസാനമായി ഒരു നോക്കു കാണുന്നതിനായി കൃഷ്ണന്‍ ചെട്ടിയാറെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിച്ചിരുന്നു. മകന്റെ വിയോഗത്തോടെ പിതാവിന്റെ ആരോഗ്യാവസ്ഥ വഷളായി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസം ചികിത്സ നല്‍കിയിട്ടും പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം, അഗ്രികള്‍ച്ചറല്‍ വെല്‍ഫയര്‍ സൊസൈറ്റി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കൃഷ്ണന്‍ ചെട്ടിയാറുടെ മരണത്തില്‍ നേതാക്കളടക്കം നിരവധി പേര്‍ അനുശോചിച്ചു.
ഭാര്യ: ലക്ഷ്മി. മറ്റുമക്കള്‍: സുരേഷ്, രാജേഷ്. മരുമക്കള്‍: വേണി, രഞ്ജിനി, ബീന. സഹോദരങ്ങള്‍: മീനാക്ഷി, ലീല.
