തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കാറിൽ കടത്താൻ ശ്രമിച്ച 1000 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് പിടിച്ചു. കാരയ്ക്കാമണ്ഡപം സ്വദേശി റഫീക്കിനെ അറസ്റ്റ് ചെയ്തു. സിനിമ സ്റ്റൈൽ കാർ ചേസിങ്ങിലൂടെയാണ് ഇയാളെ പിടികൂടിയത്. പുകയില ഉത്പന്നങ്ങൾ കടത്താൻ ശ്രമിക്കുന്നതായി രഹസ്യ വിവരത്തെ തുടർന്ന് ഇയാളുടെ കാർ അധികൃതർ പിന്തുടർന്നു. നെയ്യാറ്റിൻകരയിൽ വച്ച് എക്സൈസ് വാഹനങ്ങൾ കുറുകെ നിർത്തി കാർ തടഞ്ഞു. ഇതോടെ വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച് രക്ഷപ്പെടാൻ ഇയാൾ ശ്രമിച്ചു. ഇതു പരാജയപ്പെട്ടതോടെ കാറിൽ നിന്നിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഉദ്യോഗസ്ഥർ സാഹസികമായി പിടികൂടുകയായിരുന്നു. ഇതിനിടെ ഒരു എക്സൈസ് ഉദ്യോഗസ്ഥന് പരുക്കേറ്റു. 6 ലക്ഷം രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു.
