പത്തനംതിട്ട: കോന്നിയിൽ വീടിനു തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. പ്രമാടം പഞ്ചായത്ത് അഞ്ചാം വാർഡിൽ ഇളകൊള്ളൂർ ലക്ഷം വീട് നഗറിൽ സോമന്റെയും വനജയുടെയും മകൻ മനോജ്(35) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 9.30 വോടെയാണ് വീടിനു തീപിടിച്ചത്. ഈ സമയം വീടിനു അകത്തുണ്ടായിരുന്ന സോമനും വനജയും പുറത്തേക്ക് ഇറങ്ങിയോടിയെങ്കിലും മനോജ് തീയിൽ പെട്ടുപോകുകയായിരുന്നു.
മദ്യലഹരിയിൽ മനോജ് തന്നെ വീടിനു തീയിട്ടതാകാമെന്നാണ് പൊലീസ് നിഗമനം. മദ്യലഹരിയിൽ മനോജ് വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവാണ്. ഇന്നലെയും വീട്ടിൽ വഴക്കുണ്ടായി. പിന്നാലെ മനോജ് വീടിനു തീവച്ചെന്നാണ് പൊലീസ് സംശയിക്കുന്നത്.
വീട്ടിലുള്ളവരെല്ലാം രക്ഷപെട്ടെന്നാണ് കരുതിയിരുന്നത്. എന്നാൽ ഫയർഫോഴ്സെത്തി തീ അണച്ചപ്പോൾ മനോജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അപകടത്തിൽ വീട് പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ വിശദ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.







