ന്യൂഡൽഹി: എ ഡിഎം ആയിരുന്ന കെ. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയെ സമീപിച്ചു. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നു ചൂണ്ടിക്കാട്ടി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.ഒക്ടോബർ 15നാണ് നവീൻ ബാബുവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യയാണ് കേസിലെ ഏക പ്രതി. യാത്രയയപ്പ് ദിവസം ദിവ്യ നടത്തിയ ആരോപണങ്ങൾ നവീൻ ബാബുവിനെ മാനസികമായി തളർത്തിയെന്നും ഇതു ആത്മഹത്യയിലേക്കു നയിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. വിഡിയോ ചിത്രീകരിക്കാൻ പ്രാദേശിക ചാനലിനെ നിയോഗിച്ചത് ഉൾപ്പെടെ നവീൻ ബാബുവിനെ അപമാനിക്കാൻ ദിവ്യ ആസൂത്രണം നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
