കാസര്‍കോട്: നാലമ്പത്തിനുള്ളില്‍ സഹസ്രാബ്ദങ്ങളായി ഭക്തജന പ്രവേശനമില്ലാത്ത പിലിക്കോട് ശ്രീ രയരമംഗലം ഭഗവതീ ക്ഷേത്രത്തില്‍ മേടസംക്രമ ദിനമായ ഞായറാഴ്ച രാവിലെ എട്ടുമണിക്ക് 30 അംഗസംഘം നാലമ്പലം കടന്ന് ദേവിയെ പ്രാര്‍ഥിച്ചു. പ്രാര്‍ഥനയ്ക്ക് ശേഷം ശ്രീകോവിലിനു മുന്നിലെത്തിയ പിലിക്കോട് നിനവ് പുരുഷ സ്വയം സഹായ സംഘത്തില്‍പെട്ട ഇവര്‍ നാലമ്പല പ്രവേശന പ്രഖ്യാപനം നടത്തുകയും ചെയ്തു. തുടര്‍ദിവസങ്ങളില്‍ മുഴുവന്‍ ഭക്തജനങ്ങളോടും നാലമ്പലപ്രവേശനത്തിന് ആഹ്വാനം ചെയ്തു. ആയിരം വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതുന്ന ക്ഷേത്രത്തില്‍ പൂര്‍വാചാരപ്രകാരമാണ് ക്ഷേത്രദര്‍ശനവും ആചാനാനുഷ്ഠാനങ്ങളും തുടരുന്നതെന്ന് ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ രവീന്ദ്രന്‍ പറഞ്ഞു. ക്ഷേത്രത്തിലെ എല്ലാ ആചാരങ്ങളും കര്‍മ്മങ്ങളും തന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടത്തുന്നത്. നാലമ്പലത്തിനും ശ്രീകോവിലിനും ഇടയ്ക്കുള്ള പാട്ട് കൂടിനുള്ളിലൂടെ തന്ത്രിക്കല്ലാതെ മറ്റാര്‍ക്കും പ്രവേശനമില്ലാത്തതാണ്. നിരവധി സങ്കീര്‍ണമായ ചടങ്ങുകള്‍ ഈ വഴിയിലാണ് നടക്കുന്നതെന്നാണ് പണ്ടുമുതലേ വിശ്വാസികള്‍ കരുതുന്നത്. ഇപ്പോള്‍ നാലമ്പലം പ്രവേശിച്ചവര്‍ നേരത്തെ അത് സംബന്ധിച്ച് ആവശ്യം അറിയിച്ചിരുന്നതായി എക്‌സികുട്ടീവ് ഓഫീസര്‍ പറഞ്ഞു. എന്നാല്‍ ക്ഷേത്ര അനുഷ്ഠാന പ്രകാരം അത് അനുവദിക്കാനാവില്ലെന്ന് തന്ത്രി അവരെ അറിയിച്ചിരുന്നതാണ്. നാലമ്പലത്തിനുള്ളില്‍ ആചാരത്തിന് വിരുദ്ധമായി പ്രവേശിച്ചവര്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടിട്ടില്ലെന്ന് എക്‌സിക്യുട്ടിവ് ഓഫീസര്‍ പറഞ്ഞു. തന്ത്രിയുടെ നിര്‍ദേശമനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. എന്നാല്‍ നാട്ടില്‍ ഇത് കാര്യമായ പ്രതികരണമൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
