കാസർകോട്: നാട്യധർമ്മി ക്രിയേഷൻ്റെ ബാനറിൽ എ കെ കുഞ്ഞിരാമ പണിക്കർ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന’ഹത്തനെ ഉദയ'(പത്താമുദയം) എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പുറത്ത്. ഏപ്രിൽ പതിനെട്ടിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ ദേവരാജ് കോഴിക്കോട്, റാം വിജയ്, സന്തോഷ് മാണിയാട്ട്, കപോതൻ ശ്രീധരൻ നമ്പൂതിരി, രാകേഷ് റാം വയനാട്, രാജീവൻ വെള്ളൂർ, ശശി ഐറ്റി, ആതിര, അശ്വതി, ഷൈനി വിജയൻ വിജിഷ, ഷിജിന സുരേഷ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തൃക്കരിപ്പൂരിലെ നാടക കലാകാരന്മാർക്ക് പ്രാധാന്യം നല്‍കി ഒരുങ്ങുന്ന ഈ ചിത്രത്തിൽ വടക്കേ മലബാറിലെ പൗരാണികമായ നേര്‍ക്കാഴ്ചകളാണ് ദൃശ്യവത്കരിക്കുന്നത്. നിരവധി ജില്ലാ, സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ഒട്ടേറെ നാടകങ്ങൾക്ക് രചനയും രംഗഭാഷയും നിർവ്വഹിച്ച എ.കെ. കുഞ്ഞിരാമ പണിക്കരുടെ ആദ്യ സിനിമയാണ് ഹത്തനെ ഉദയ.മുഹമ്മദ് എ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.വൈശാഖ് സുഗുണൻ, സുജേഷ് ഹരി എന്നിവർ എഴുതിയ വരികൾക്ക് എബി സാമുവൽ സംഗീതം പകരുന്നു.
