കാസര്‍കോട്/മംഗ്ളൂരു: കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് മംഗ്ളൂരുവില്‍ രണ്ടു യുവാക്കളെ കഴുത്തറുത്തു കൊലപ്പെടുത്തി മൃതദേഹങ്ങള്‍ ഡസ്റ്റര്‍ കാറിന്റെ ഡിക്കിയിലാക്കി കൊണ്ടു വന്ന് കുണ്ടംകുഴി, മരുതടുക്കത്തെ വിജനമായ സ്ഥലത്ത് കുഴിച്ചിട്ട കേസിലെ മൂന്നു പ്രതികളെ കോടതി കുറ്റക്കാരാണെന്നു കണ്ടെത്തി. ചെങ്കളയിലെ മുഹമ്മദ് മുഹാജീര്‍ സനാഫ് (25), അണങ്കൂര്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഷാദ് (24), മുഹമ്മദ് സഫ് വാന്‍ (24) എന്നിവരെയാണ് മംഗ്ളൂരു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയത്.
2014 ജുലായ് ഒന്നിന് പട്ടാപ്പകലാണ് കാസര്‍കോടിനെ നടുക്കിയ ഇരട്ടക്കൊലപാതകം മംഗ്ളൂരു, പാണ്ഡേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അത്താവറില്‍ നടന്നത്.
കണ്ണൂര്‍, തലശ്ശേരിയിലെ നാഫിര്‍ (24), കോഴിക്കോട്ടെ ഫാഹിം (25) എന്നിവരാണ് കൊല്ലപ്പെട്ടത്. അത്താവാറിലെ വാടക വീട്ടില്‍ വച്ച് രണ്ടു പേരെയും കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ഡസ്റ്റര്‍ കാറില്‍ കയറ്റിയാണ് കാസര്‍കോട്ടേക്ക് കൊണ്ടു വന്നത്. യാത്രക്കിടയില്‍ കൊലപാതകത്തിനു ഉപയോഗിച്ച ആയുധങ്ങളും രക്തം പുരണ്ട തുണികളും അടങ്ങിയ കെട്ടുകള്‍ ചന്ദ്രഗിരി പുഴയിലടക്കം ഉപേക്ഷിക്കുകയും ചെയ്തു. രാത്രിയില്‍ കുണ്ടംകുഴി, മരുതടുക്കത്ത് എത്തിയ സംഘം നേരത്തെ വാങ്ങിയ പത്തു സെന്റ് സ്ഥലത്ത് നേരത്തെ തയ്യാറാക്കിയ കുഴികളിലിട്ടു മൂടിയ ശേഷം തെങ്ങിന്‍ തൈ നടുകയായിരുന്നു.
മംഗ്ളൂരു സിറ്റി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇരട്ടക്കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. അത്താവാറില്‍ പ്രതിമാസം 38,000 രൂപയ്ക്ക് വാടകയ്ക്ക് എടുത്ത വീട്ടില്‍ നാഫിറും ഫാഹിമും കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. രാത്രികാലത്ത് വീടിനു കാവല്‍ക്കാര്‍ ഉള്ളതിനാല്‍ പകല്‍ സമയത്താണ് ഇരട്ടക്കൊല നടത്തിയത്. കാവല്‍ക്കാരന്‍ എത്തുന്നതിനു മുമ്പു തന്നെ മൃതദേഹങ്ങള്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് കാറിന്റെ ഡിക്കിയില്‍ വയ്ക്കുകയും ചെയ്തു. നാഫിറിനെയും കൂടെ ഉണ്ടായിരുന്നവരെയും കാണാത്ത കാര്യം ക്രൈംബ്രാഞ്ച് ഇന്റലിജന്‍സ് കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രതികളെ പിടികൂടിയ പൊലീസ് സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നത് കുണ്ടംകുഴിക്കു സമീപത്താണെന്നു കണ്ടെത്തിയത്. കാസര്‍കോട് പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ വീണ്ടെടുക്കുകയും ചെയ്തു. കള്ളക്കടത്ത് സ്വര്‍ണ്ണം നഷ്ടപ്പെട്ട പ്രശ്നമാണ് ഇരട്ടക്കൊലയിലേക്ക് നയിച്ചത്.
2013ല്‍ നവംബര്‍ മാസത്തില്‍ നാഫീറിന്റെ കൈവശം നാലുകിലോ സ്വര്‍ണ്ണം ഒരു സംഘം ഗള്‍ഫില്‍ നിന്നു കൊടുത്തയച്ചിരുന്നു. മംഗ്ളൂരുവിലെ ഒരാള്‍ക്കു കൈമാറണമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ സ്വര്‍ണ്ണം കൈമാറിയില്ല. സ്വര്‍ണ്ണവുമായി മംഗ്ളൂരു വിമാനത്താവളത്തില്‍ എത്തിയ നാഫീര്‍ സുരക്ഷിതനായി പുറത്തുപോയതായും തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്നും കള്ളക്കടത്തു സംഘം കണക്കുകൂട്ടി. ഇതിന്റെ തുടര്‍ച്ചയായാണ് നാഫിറും ഫാഹിമും കൊല്ലപ്പെട്ടത്.
