മുംബൈ: വിമാനത്താവളത്തിലെ ബാത്‌റൂമിലെ ചവറ്റുകുട്ടയില്‍ മാസം തികയാത്ത നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞു. 16 വയസുള്ള പെണ്‍കുട്ടിയാണ് കുഞ്ഞിന് ജന്മം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മാതാവിനൊപ്പമാണ് പെണ്‍കുട്ടി ബാത്‌റൂമിലെത്തിയത്. അതേസമയം പെണ്‍കുട്ടി പീഡനത്തിന് ഇരയാണെന്നു പൊലീസ് പറഞ്ഞു. മാര്‍ച്ച് 25ന് റാഞ്ചിയിലേക്ക് പോകുന്നതിനായി മാതാവിനൊപ്പം വിമാനത്താവളത്തിലെത്തിയപ്പോഴാണ് അസ്വസ്ഥതയുണ്ടായത്. ഗര്‍ഭം അലസിയതോടെ ശുചിമുറിയിലെ ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഇവര്‍ പൊലീസിനു നല്‍കിയിരിക്കുന്ന മൊഴി.
അന്നുരാത്രി 10.30ന് ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍, യാത്രക്കാരുടെ വിവരങ്ങള്‍ എന്നിവ പരിശോധിച്ച് സംശയം തോന്നിയവരെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. മാതാവും മകളും അസ്വസ്ഥരായി ബാത്‌റൂമിലേക്കു കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഇവര്‍ ശനിയാഴ്ച റാഞ്ചിയില്‍നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ പൊലീസ് ചോദ്യം ചെയ്തു. ഇരുവരും കുറ്റം സമ്മതിച്ചു. മകള്‍ ഏഴുമാസം ഗര്‍ഭിണിയാണെന്ന് മാതാവിന് അറിയാമെന്നും പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പാല്‍ഘര്‍ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ഭ്രൂണത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെയും ലഭിച്ചിട്ടില്ല. അതിനാല്‍ പെണ്‍കുട്ടിക്ക് നോട്ടീസ് നല്‍കുകയായിരുന്നു. പ്രസവത്തിന് ശേഷം ശാരീരികമായി പ്രശ്‌നമില്ലെന്നാണ് പൊണ്‍കുട്ടി പൊലീസിനെ അറിയിച്ചത്. എന്നാല്‍ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു.
