കാസര്‍കോട്: പരീക്ഷ കഴിഞ്ഞു വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വഴിയില്‍ വെച്ചു കളഞ്ഞു കിട്ടിയ കാല്‍ ലക്ഷം രൂപ പ്രധാനാധ്യാപകനെ ഏല്‍പ്പിച്ചു. പൈക്ക സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ആഷിഖ്, നിഖില്‍ എന്നിവരാണ് സത്യസന്ധതക്കു മാതൃകയും നാടിനു അഭിമാനവും ആയത്. സത്യസന്ധരായ വിദ്യാര്‍ത്ഥികളെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പൈക്ക സ്‌കൂളില്‍ വെച്ചു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അനുമോദിച്ചു.
സ്‌കൂളില്‍ നിന്നും അവസാനത്തെ പരീക്ഷയും കഴിഞ്ഞു വീട്ടിലേക്ക് പോകാന്‍ ബസ് സ്റ്റോപ്പിലേക്ക് പോകുമ്പോഴാണ് കുട്ടികള്‍ക്ക് ഇത്രയും വലിയ തുക റോഡില്‍ നിന്നു ലഭിച്ചത്. തുക ലഭിച്ചയുടനെ സ്‌കൂളില്‍ തിരിച്ചെത്തിയ അവര്‍ തുക ഹെഡ് മാസ്റ്ററെ ഏല്‍പ്പിച്ചു. പൈക്കം ക്ഷേത്രോത്സവത്തിന് പോകവേ ചാത്തപ്പാടിയിലെ ജയന്തിയുടെ കയ്യില്‍ നിന്നാണ് തുക നഷ്ടപ്പെട്ടത്. എടനീര്‍ കേരള ബാങ്കില്‍ ലോണ്‍ അടക്കാന്‍ കരുതി വെച്ചതായിരുന്നു തുക.
നാടിനും സ്‌കൂളിലും അഭിമാനമായ കുട്ടികളെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഉപഹാരം നല്‍കി ആദരിച്ചു.
ഒ.എസ്.എ പ്രസിഡണ്ട് ഗിരി കൃഷ്ണന്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചാ. മെമ്പര്‍ ബി ചിത്രകുമാരി ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡണ്ട് അബ്ദുല്‍ റസാഖ് പൈക്ക, വൈസ് പ്രസി. ഹസ്സൈനാര്‍ മിത്തടി, മാനേജര്‍ നിത്യന്‍ നെല്ലിത്തല, ഒ എസ്. എ സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, ഹെഡ്മാസ്റ്റര്‍ എം ശശിധരന്‍, ഖാന്‍ പൈക്ക, അധ്യാപകരായ ഗിരീന്ദ്രന്‍ എസ്. കെ, ലിഷ കെ, സവിത കെ എം, മുരളീധരന്‍ ആലക്കോടന്‍ എന്നിവര്‍ സംസാരിച്ചു.
മാനേജ്‌മെന്റിന്റെ വകയായുള്ള ഉപഹാരം നിത്യന്‍ നെല്ലിത്തല കുട്ടികള്‍ക്ക് സമ്മാനിച്ചു.







