ഹൈദരാബാദ്: തെലുങ്ക് സിനിമകളിലെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന നൃത്തച്ചുവടുകള്‍ക്കെതിരെ
തെലങ്കാന വനിത കമ്മീഷന്‍ രംഗത്തെത്തി. അശ്ലീലവും സ്ത്രീകളെ അപമാനിക്കുന്നതുമായ ഗാനങ്ങളും രംഗങ്ങളും തുടര്‍ന്നാല്‍ സിനിമക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തെലങ്കാന സംസ്ഥാന വനിതാ കമ്മീഷന്‍. തെലങ്കാന സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ശാരദ നെരെല്ല അടുത്തിടെ ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ‘ചില ഗാനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന നൃത്തച്ചുവടുകള്‍ അശ്ലീലവും സ്ത്രീകളെ അപമാനിക്കുന്നതുമാണെന്ന്’ കമ്മീഷന് ‘നിരവധി പരാതികള്‍’ ലഭിച്ചതായി അവര്‍ പറഞ്ഞു. സിനിമ ഒരു ശക്തമായ മാധ്യമമാണെന്ന് കണക്കിലെടുത്ത് പരാതികള്‍ ആശങ്ക ഉയര്‍ത്തുന്നുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ചലച്ചിത്ര സംവിധായകര്‍, നിര്‍മ്മാതാക്കള്‍, നൃത്തസംവിധായകര്‍, അനുബന്ധ ഗ്രൂപ്പുകള്‍ എന്നിവര്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്ന് വനിതാ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്ത്രീകളെ ഇകഴ്ത്തി കാണിക്കുന്ന അസഭ്യ നൃത്തച്ചുവടുകള്‍ ഉടനടി നിര്‍ത്തണം. ഈ മുന്നറിയിപ്പ് അനുസരിച്ചില്ലെങ്കില്‍ നിയമ പ്രകാരം കര്‍ശന നടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്നും കുറിപ്പില്‍ പറയുന്നു. ‘സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ നല്‍കാനും സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കാനും സിനിമാ വ്യവസായത്തിന് ധാര്‍മ്മിക ഉത്തരവാദിത്തമുണ്ട്. യുവാക്കളിലും കുട്ടികളിലും സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ സ്വാധീനം മനസില്‍ വെച്ചുകൊണ്ട്, സിനിമാ വ്യവസായം സ്വയം നിയന്ത്രണം പാലിക്കേണ്ടതുണ്ടെന്നും പ്രേക്ഷകരോട് സിനിമാ വ്യവസായത്തിന് ധാര്‍മ്മിക ഉത്തരവാദിത്തമുണ്ടെന്നും ശാരദയും കമ്മീഷനും ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ഡാകു മഹാരാജ് എന്ന ചിത്രത്തിലെ ഉര്‍വശി റുട്ടേലയുടെ ഗാന രംഗവും, റോബിന്‍ ഹുഡ് എന്ന ചിത്രത്തിലെ ഗാനവും ഇത്തരത്തില്‍ അശ്ലീല ചുവടുകള്‍ കാരണം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വനിത കമ്മീഷന്‍ ഇടപെടല്‍.
