കൊച്ചി: ആരാധകരെ ആവേശത്തിലാക്കി എമ്പുരാന്റെ സർപ്രൈസ് ട്രെയിലർ. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് അക്കൗണ്ട് വഴിയാണ് സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ട്രെയിലർ പുറത്ത് വിട്ടിട്ടുണ്ട്. മാർച്ച് 20ന് ഉച്ചയ്ക്ക് 1.08ന് ട്രെയിലർ പുറത്തിറക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പറഞ്ഞതിലും നേരത്തെ ബുധനാഴ്ച അർദ്ധരാത്രിയാണ് ട്രെയിലർ എത്തിയിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ ലക്ഷത്തിൽ പരം ആളുകളാണ് ട്രെയിലർ കണ്ടത്. കമന്റ് ബോക്സ് മുഴുവൻ ആരാധകരുടെ ആവേശം നിറയുകയാണ്. സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന പൃഥ്വിരാജ്- മോഹൻലാൽ സിനിമയാണ് എമ്പുരാൻ. മലയാള സിനിമ കണ്ടതിൽ വെച്ചുതന്നെ ഏറ്റവും ബ്രഹ്മാണ്ഡ റിലീസിനാണ് എമ്പുരാനിലൂടെ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആശിർവാദ് സിനിമാസ്, ലൈക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മാർച്ച് 27 നാണ് ആഗോള റിലീസിനെത്തുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമ എന്ന പ്രത്യേകതയും എമ്പുരാനാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രം രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. 2019 ൽ റിലീസ് ചെയ്ത ഒന്നാം ഭാഗം ലൂസിഫർ, റെക്കോർഡ് വിജയമാണ് തീർത്തത്.
