കാസര്‍കോട്: യക്ഷഗാന കുലപതി ഗോപാലകൃഷ്ണ കുറുപ്പ് അന്തരിച്ചു. 90 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി നീലേശ്വരത്തെ വസയിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് നീലേശ്വേരം പട്ടേന പാലക്കുഴിയില്‍. കര്‍ണ്ണാടക സര്‍ക്കാറിന്റെ രാജ്യപുരസ്‌ക്കാര്‍, കേരള സര്‍ക്കാരിന്റെ ഗുരുപൂജ പുരസ്‌കാരം തുടങ്ങി നിരവധി അംഗികാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 60 ലധികം വര്‍ഷമായി യക്ഷഗാനം അവതരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. അവര്‍ണര്‍ക്കും സ്ത്രീകള്‍ക്കും യക്ഷഗാനകല അഭ്യസിപ്പിക്കാന്‍ മുതിര്‍ന്ന ആദ്യ യക്ഷഗാന ഗുരുവാണ്.ലോകത്തെമ്പാടും ആയിരക്കണക്കിന് ശിഷ്യന്മാരാണ് ഈ യക്ഷഗാന കുലപതിക്കുള്ളത്. യക്ഷഗാനകലയെ ശാസ്ത്രീയമാക്കുന്നതിന് കന്നടയില്‍ 3 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 1935 ഡിസംബര്‍ 5ന് കാസര്‍കോട് താലൂക്കിലെ പെര്‍ളക്കടുത്ത് നെല്ലിക്കുഞ്ചയിലാണ് ജനിച്ചത്. യക്ഷഗാന കലാകാരന്‍ ചന്തുക്കുറുപ്പും കാവേരിയമ്മയും ആണ് മാതാപിതാക്കള്‍. 1958 മുതല്‍ കര്‍ണാടകയിലെ ബെല്‍ത്തങ്ങാടി താലൂക്കിലെ ശിശില എന്ന സ്ഥലത്തെ ബര്‍ഗുള വീട്ടിലാണ് താമസിച്ചത്. പിതാവ് ചന്തുക്കുറുപ്പില്‍ നിന്നാണ് യക്ഷഗാനത്തിന്റെ ബാലപാഠം പഠിച്ചത്. പിന്നീട് ഗുരുക്കളായ താള്‍ത്തജെ കേശവഭട്ട്, നാരമ്പാടി സുബ്ബയ്യ ഷെട്ടി എന്നിവരുടെ കീഴില്‍ മൃദംഗവും യക്ഷഗാന രാഗങ്ങളും പഠിച്ചു. നെട്ല നരസിംഹ ഭട്ടാണ് ചെണ്ടയില്‍ ഗുരു. മുന്റുപാടി ലക്ഷ്മി ഹെബ്ബാര്‍ സംഗീതം അഭ്യസിപ്പിച്ചപ്പോള്‍ മംഗലാപുരം ടി.ആര്‍.കൃഷ്ണന്‍ ദക്ഷിണാദി മൃദംഗം പഠിപ്പിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പുറമേ വിദേശത്തും ഒട്ടനവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ബംഗളൂരു ജ്ഞാനപഥ അവാര്‍ഡ്, മൂഡ്ബദ്ര പുരസ്‌കാരം, യക്ഷഗാന കലാരംഗ ഉഡുപ്പി അവാര്‍ഡ്, ഷേണി അക്കാദമി പുരസ്‌കാരം, രാമചന്ദ്ര പുര സ്വാമി ഹൊസനഗരം സമ്മാനം, ബെല്‍ത്തങ്ങാടി പ്രഥമ സാഹിത്യ സമ്മാനം, ഇടനീര്‍മഠ സമ്മാനം, വിശ്വ വിദ്യാലയ സമ്മാനം അടക്കം നിരവധി ബഹുമതികള്‍ ഈ കലാകാരനെ ആദരിച്ചു.
ഭാര്യ: ശ്രീദേവി (നീലേശ്വരം പട്ടേന). മക്കള്‍: ജയന്തി ( അങ്കണവാടി സൂപ്പര്‍വൈസര്‍), അനിത, സുബ്രഹ്‌മണ്യന്‍. മരുമക്കള്‍: വിജയന്‍ (പാലക്കുഴി), സുരേന്ദ്രന്‍ (കൊടക്കാട് ), ധന്യ (തൃത്താല ).
