പത്തനംതിട്ട: ശബരിമലയിൽ മമ്മൂട്ടിക്ക് വേണ്ടി പ്രത്യേക വഴിപാട് നടത്തി മോഹൻലാൽ. ഉഷപൂജയാണ് നടത്തിയത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു. ശബരിമലയിലേക്ക് പോകുംമുമ്പ് കഴിഞ്ഞദിവസം മോഹൻലാൽ മമ്മൂട്ടിയുമായി സംസാരിക്കുകയും ശബരിമലദർശനത്തിൻറെ കാര്യം അറിയിക്കുകയും ചെയ്തിരുന്നെന്നാണ് വിവരം. മോഹൻലാലിനെ സംബന്ധിച്ച് ജേഷ്ഠൻ തന്നെയാണ് മമ്മൂട്ടി, ഏറ്റവും പ്രിയപ്പെട്ട ഇച്ചാക്ക. അകാലത്തിൽ മോഹൻലാലിനെ വിട്ടുപിരിഞ്ഞ ചേട്ടൻ പ്യാരിലാലിനോളം തന്നെ പ്രിയപ്പെട്ട സഹോദരൻ. മമ്മൂട്ടിയെ സംബന്ധിച്ചും കാര്യങ്ങൾ അങ്ങനെയൊക്കെ തന്നെ. തന്റെ അനിയന്മാരെ പോലെ തന്നെ മമ്മൂട്ടി ജീവിതത്തിലേക്ക് ചേർത്തു നിർത്തുന്ന കുഞ്ഞനിയനാണ് ലാൽ. സൂപ്പർസ്റ്റാർ പദവികൾക്കു അപ്പുറം, ഇരുവരും പങ്കിടുന്ന ഊഷ്മളമായ സൗഹൃദത്തിനും സാഹോദര്യത്തിനും പലകുറി മലയാളികൾ സാക്ഷികളായതാണ്. ഇപ്പോഴിതാ, ഇരുവർക്കുമിടയിലെ ആ ആത്മബന്ധവും അടുപ്പവുമാണ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത്. എമ്പുരാൻ എന്ന സിനിമ റിലീസിന് ഒരുങ്ങുന്ന അവസരത്തിലാണ് മോഹൻലാൽ ശബരിമല ദർശനം നടത്തിയത് എന്നതും ശ്രദ്ധേയമാണ്. പമ്പയില്‍ നിന്നും ഇരുമുടി കെട്ടിയാണ് മോഹന്‍ലാല്‍ സന്നിധാനത്ത് എത്തിയത്. മാർച്ച് 27-നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംചെയ്ത എമ്പുരാൻ പ്രദർശനത്തിനെത്തുന്നത്. തന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം രാത്രിയോടെ മലയിറങ്ങി.
