കൊച്ചി: പ്രമുഖ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം കൊച്ചിയിലായിരുന്നു അന്ത്യം. മലയാള സിനിമാ ഗാനരംഗത്തെ പ്രമുഖരിൽ ഒരാളായിരുന്നു. കവി, കഥാകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണരചയിതാവ് എന്നീനിലകളിലും ശ്രദ്ധേയനായിരുന്നു.നിരവധി അന്യഭാഷാ ഗാനങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ബാഹുബലിയിലെ ‘മുകിൽ വർണാ’ എന്ന ഗാനം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഗാനങ്ങളിൽ ഒന്നാണ്. ലക്ഷാർച്ചന കണ്ടുമടങ്ങുമ്പോൾ, ഇളംമഞ്ഞിൻ കുളിരുമായി, ഇവിടമാണീശ്വ സന്നിധാനം, കാളിദാസന്റെ കാവ്യ ഭാവനയെ, ഗംഗയിൽ തീർഥമാടിയ കൃഷ്ണശില, പാലരുവീ നടുവിൽ, ഒരു പുന്നാരം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ പാട്ടുകളിൽ ചിലതാണ്. 200 ഓളം ചിത്രങ്ങൾക്ക് ഗാനരചന നടത്തി. പത്തോളം ചിത്രങ്ങൾക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. കുട്ടനാട്ടിലെ മങ്കൊമ്പ് ഗ്രാമത്തിലാണ് ജനനം. 1970-ൽ മദിരാശിയിലെത്തിയതാണ് ജീവിതത്തിലെ വഴിത്തിരിവായത്. ചെറുപ്പംമുതൽ കവിതയെഴുതുമായിരുന്നു. നാട്ടിൽ ഒരു പ്രസിദ്ധീകരണത്തിലെ ജോലിക്കിടെയാണ് ചെന്നൈയിൽ അന്വേഷണം മാസികയുടെ എഡിറ്ററായി ക്ഷണം ലഭിച്ചത്. 1971-ൽ പുറത്തിറങ്ങിയ ‘വിമോചനസമരം’ എന്ന സിനിമയിൽ ആദ്യമായി പാട്ടെഴുതി. 1974-ൽ പുറത്തിറങ്ങിയ ‘അയലത്തെ സുന്ദരി’ എന്ന ചിത്രത്തിലെ ‘ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ…’ എന്നാരംഭിക്കുന്ന ഗാനം സൂപ്പർഹിറ്റായി. പിന്നീടിങ്ങോട്ട് സന്തോഷവും ദുഃഖവും പ്രണയവും വിരഹവുമെല്ലാം തൂലികയിൽ പാട്ടുകളായി മാറി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളിൽനിന്ന് അദ്ദേഹം സിനിമാഗാനങ്ങൾ മൊഴിമാറ്റിയിട്ടുണ്ട്. എം.എസ്. വിശ്വനാഥൻ, ദേവരാജൻ, എം.കെ. അർജുനൻ, രവീന്ദ്രജയിൻ, ബോംബെ രവി, കെ.വി. മഹാദേവൻ, ബാബുരാജ്, ഇളയരാജ, എ.ആർ. റഹ്മാൻ, കീരവാണി, ഹാരിസ് ജയരാജ്, യുവൻ ശങ്കർരാജ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചു.
