കൊച്ചി: ഇന്ന് ചില ഓൺലൈൻ മീഡിയകളിൽ നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ചുള്ള വാർത്തകളാണ് പ്രചരിച്ചത്. എന്നാൽ ആ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് മമ്മൂട്ടിയുടെ പിആർ ടീം രംഗത്ത് എത്തി. മമ്മൂട്ടി പൂർണ്ണമായും സുഖമായിരിക്കുന്നുവെന്ന് പിആര്‍ ടീം ഒരു ദേശീയ മാധ്യമത്തോട് സ്ഥിരീകരിച്ചു. എല്ലാ ഊഹാപോഹങ്ങളും അടിസ്ഥാനരഹിതമാണെന്നും അവര്‍ അറിയിച്ചു.
മമ്മൂട്ടിക്ക് കുടലിന് കാൻസർ ബാധിച്ചതായും ചികിത്സയ്ക്കായി ചിത്രീകരണത്തിൽ നിന്ന് പിന്മാറിയതായും സോഷ്യൽ മീഡിയയിൽ അവകാശവാദങ്ങൾ നിറഞ്ഞിരുന്നു. നടന് ശ്വാസ തടസ്സമാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അഭ്യൂഹങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഈ ഊഹാപോഹങ്ങൾ സത്യമല്ലെന്നും മമ്മൂട്ടി ആരോഗ്യവാനാണെന്നും പി ആർ ടീം പറയുന്നു. റംസാൻ മാസം കാരണമാണ് അദ്ദേഹം തന്റെ തിരക്കേറിയ ഷെഡ്യൂളിൽ നിന്ന് ഇടവേള എടുത്തതാണെന്ന് വ്യക്തമാകുന്നു. ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹൻലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിലേക്ക് മടങ്ങുമെന്ന് മമ്മൂട്ടിയുടെ പിആർ ഒരു മാധ്യമത്തോട് പറഞ്ഞു.
മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിൽ എത്തുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ശ്രീലങ്കയിൽ പൂര്‍ത്തിയായിരുന്നു. ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരും അഭിനയിക്കുന്നുണ്ട്.
