കാസര്‍കോട്: കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് തൃക്കരിപ്പൂര്‍ രാമവില്യം കഴകത്തില്‍
പടക്കത്തി ഭഗവതിയും ആര്യക്കര ഭഗവതിയും തിരുനടയിലെത്തി. കലശത്തോടെയും മംഗല കുഞ്ഞുങ്ങളുടെ അകമ്പടിയോടെയും വടക്കത്തി ഭഗവതി ക്ഷേത്രം വലംവച്ചപ്പോള്‍ തിരുമുറ്റം നിറഞ്ഞ പുരുഷാരം കൈകൂപ്പി നിന്നു. ക്ഷേത്രമുറ്റത്തെത്തിയ ഭഗവതിമാര്‍ ഉറഞ്ഞാടി. ആര്യക്കര ഭഗവതി ഭക്തര്‍ക്ക് ദര്‍ശന സായൂജ്യമേകി. തിരുനടനം ചെയ്ത് ഭക്തരെ അഭയ മുദ്ര കാട്ടി അനുഗ്രഹിച്ചു.
രാവിലെ ഇളമ്പച്ചി മണക്കാട് തറവാട്ടു നിന്നും കലശം ക്ഷേത്രത്തിലെത്തിച്ച ശേഷം തേങ്ങാക്കല്ലില്‍ വലം വെച്ച് വടക്കത്തി ഭഗതിയുടെ ആറയുടെ പിറകിലുള്ള വലിയ കലശത്തറമേല്‍ വെച്ചു. പിലിക്കോട് തെക്കുംകര ബാബു കര്‍ണമൂര്‍ത്തി പടക്കത്തി ഭഗവതിയുടെയും ഏഴോം പ്രതീഷ് മണക്കാടന്‍
ആര്യക്കര ഭാഗവതിയുടെയും കോലധാരികളായി. ജില്ലയുടെ ഇതര ഭാഗങ്ങളില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നുമായി ആയിരക്കണക്കിനാളുകളാണ് ഭഗതിമാരുടെ തിരുമുടി നിവരലിന് സാക്ഷികളാകാന്‍ എത്തിയത്. ഭഗവതിമാര്‍ തിരുമുടി താഴ്ത്തുന്നതോടെ എട്ടു ദിവസങ്ങളിലായി നടന്നുവരുന്ന പെരുങ്കളിയാട്ടത്തിന് സമാപനമാകും.
