ഹൈദരബാദ്: തെന്നിന്ത്യന്‍ താരം സൗന്ദര്യ മരണവുമായി ബന്ധപ്പെട്ട് 21 വര്‍ഷങ്ങള്‍ക്ക് ശേഷം വിവാദമുയരുന്നു. സൗന്ദര്യയുടെ അപകട മരണത്തില്‍ മോഹന്‍ ബാബുവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചിട്ടിമല്ലു എന്ന വ്യക്തി പൊലിസിനെ സമീപിച്ചിരിക്കുകയാണ്. ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയിലെ പൊലീസ് സ്റ്റേഷനിലാണ് മോഹന്‍ ബാബുവിനെതിരെ പുതിയ പരാതി ഫയല്‍ ചെയ്തിരിക്കുന്നത്. സൗന്ദര്യയുടേത് അപകട മരണമല്ലെന്നും കൊലപാതകമാണെന്നുമാണ് പരാതിയില്‍ പറയുന്നത്. വില്ലന്‍ താരം മോഹന്‍ ബാബുവുമായി സൗന്ദര്യക്കുണ്ടായിരുന്ന വസ്തുത്തര്‍ക്കമാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഷംഷാബാദിലെ ജല്‍പള്ളി ഗ്രാമത്തില്‍ സ്വന്തം പേരിലുള്ള ആറേക്കര്‍ ഭൂമി മോഹന്‍ ബാബുവിന് വില്‍ക്കാന്‍ സൗന്ദര്യയും സഹോദരന്‍ അമര്‍നാഥും തയാറായില്ലെന്നും ഇത് സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ദാരുണമായ വിമാനാപകടത്തിന് ശേഷം മോഹന്‍ ബാബു ഭൂമി വില്‍ക്കാന്‍ സഹോദരങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഭൂമി നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്നും പരാതിക്കാരന്‍ ആരോപിച്ചു. വിമാനാപകടത്തിന്റെ വ്യക്തമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 31 കാരിയായ സൗന്ദര്യ 2004 ഏപ്രില്‍ 17ന് ചെറുവിമാനം തകര്‍ന്നുവീണാണ് മരിച്ചത്. കരിംനഗറില്‍ ബിജെപിയുടെയും ടിഡിപിയുടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനായി യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ഈ അപകടത്തില്‍ സൗന്ദര്യയുടെ സഹോദരനും ജീവന്‍ നഷ്ടമായിരുന്നു. ഈ സമയം സൗന്ദര്യ ഗര്‍ഭിണിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കത്തിയമര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് സൗന്ദര്യയുടെ ശരീരഭാഗങ്ങള്‍ പോലും പൂര്‍ണമായി കുടുംബത്തിന് ലഭിച്ചിരുന്നില്ല. കന്നഡയില്‍ മാത്രമല്ല, തമിഴിലും മലയാളത്തിലും മിന്നിത്തിളങ്ങി നിന്ന താരമായിരുന്നു അന്ന് സൗന്ദര്യ. ‘സൂര്യവംശ’ത്തില്‍ അമിതാഭ് ബച്ചന്റെ നായികയായി പ്രത്യക്ഷപ്പെട്ട സൗന്ദര്യ ബോളിവുഡിലും ശ്രദ്ധ നേടിയിരുന്നു. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിളിചുണ്ടന്‍ മാമ്പഴം തുടങ്ങിയ മലയാള സിനിമയിലും അഭിനയിച്ചിരുന്നു.
