കൊച്ചി: കാസര്‍കോട്, പൈവളിഗെ പഞ്ചായത്തിലെ പത്താം ക്ലാസ് വിദ്യാര്‍നിയുടെയും ഓട്ടോ ഡ്രൈവറായ 42 കാരന്റെയും ആത്മഹത്യ സംബന്ധിച്ച കേസ് ഡയറി പൊലീസ് ഹൈക്കോടതിയില്‍ ഹാജരാക്കി. കുമ്പള പൊലീസ് ഇന്‍സ്പക്ടര്‍ കെ.പി വിനോദ് കുമാര്‍ ആണ് ചൊവ്വാഴ്ച രാവിലെ കോടതിയില്‍ ഹാജരായി കേസ് ഡയറി സമര്‍പ്പിച്ചത്. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുന്നതിനിടയില്‍ കേസ് ഡയറി അടിയന്തിരമായി ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഡയറി ഹാജരാക്കിയത്. പെണ്‍കുട്ടി ഒളിച്ചോടി പോയതാണെന്നാണ് കരുതിയതെന്നു പൊലീസ് കോടതിയില്‍ അറിയിച്ചു. കാണാതായത് ഒരു പെണ്‍കുട്ടിയാണെന്നു പരിഗണിക്കാതെ സ്ത്രീയെന്ന നിലയിലാണ് കേസ് പരിഗണിച്ചതെന്നു കോടതി വാക്കാല്‍ നിരീക്ഷിച്ചു. കാണാതായത് പെണ്‍കുട്ടിയാണെന്ന പരിഗണനയോടെ അന്വേഷണം നടത്തേണ്ടതായിരുന്നുവെന്നും കേസ് ഡയറി പരിശോധിക്കട്ടെയെന്നും പ്രതികരിച്ച കോടതി ഹര്‍ജി ഉച്ച കഴിഞ്ഞ് 1.45ന് പരിഗണിക്കുമെന്നു വ്യക്തമാക്കി. ഫെബ്രുവരി 11നു രാത്രി ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയെ കാണാതായ കാര്യം 12ന് രാവിലെയാണ് അറിയുന്നത്. അയല്‍വാസിയും ഓട്ടോ ഡ്രൈവറുമായ പ്രദീപിനെ കാണാതായതായും മാതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞു. ആഴ്ചകള്‍ കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് മാതാവ് ഹൈക്കോടതിയെ സമീപിച്ച് ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്. ഇതിനിടയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച നടത്തിയ വ്യാപകമായ തെരച്ചിലിനിടയിലാണ് പെണ്‍കുട്ടിയെയും യുവാവിനെയും വീട്ടിനു സമീപത്തെ അക്കേഷ്യ കാട്ടില്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ ഇരുവരുടെയും മരണം ആത്മഹത്യയാണെന്നു വ്യക്തമായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്ത മൃതദേഹം നാട്ടിലെത്തിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം ശ്മശാനത്തിലും യുവാവിന്റേത് വീട്ടുവളപ്പിലും സംസ്‌കരിച്ചു.
