ബംഗളുരു:ദേശീയ അവാർഡ് ജേതാവും പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ അനന്തരവനുമായ സന്തോഷ് മാട സംവിധാനം ചെയ്ത “പിദായി” എന്ന തുളു ചിത്രം പതിനാറാം ബാംഗ്ലൂർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച രണ്ടാമത്തെ കന്നഡ ചലച്ചിത്രത്തിനുള്ള അവാർഡ് നേടി. ഫെസ്റ്റിവലിൽ ചിത്രഭാരതി (ഇന്ത്യൻ ), കർണാടക സിനിമ എന്നീ രണ്ട് വിഭാഗങ്ങളിലേക്കുള്ള മത്സര ത്തിൽ പിദായി തിരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായാണ് ഒരു തുളു സിനിമ രണ്ട് വിഭാഗങ്ങളിലായി മത്സരിക്കുന്നത്. ‘നമ്മ കനസു ’ ബാനറിൽ കെ. സുരേഷ് നിർമ്മിച്ച ഈ ചിത്രത്തിൻ്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് രമേഷ് ഷെട്ടിഗാർ മഞ്ചേശ്വർ എന്ന മറ്റൊരു മലയാളിയാണ്. ജീറ്റിഗെ എന്ന ആദ്യ തുളു ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ സന്തോഷ് മാടയുടെ പിദായി എന്ന ചിത്രം ഇതിനകം കൊൽക്കത്ത, ജാർഖണ്ഡ് അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും പൊതുജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്.സന്തോഷ് മാട, മലയാളി സംവിധായകരായ ജയരാജ്, കമൽ, റോഷൻ ആന്ധ്രുസ് എന്നിവരുടെ സഹായിയായി നിരവധി മലയാളം, തമിഴ് ചിത്രങ്ങളിൽ സഹകരിച്ചിട്ടുണ്ട്. പ്രശസ്‌ത കന്നഡ നടൻ ശരത് ലോഹിതാശ്വയാണ് ഈ ചിത്രത്തിലെ പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. അദ്ദേഹത്തോടൊപ്പം മുൻകാല പ്രശസ്ത മലയാളി നടി ജലജയുടെ മകൾ ദേവി നായർ മറ്റൊരു പ്രമുഖ റോളിൽ അഭിനയിച്ചിട്ടുണ്ട്.കൂടെ അഭിനയിച്ച രൂപ വർക്കാടി, ഇള വിട്ട്ല, ദീപക് റായ് പാനാജെ, പുഷ്പരാജ് ബോളാർ, പ്രിതേഷ്, ബാലപ്രതിഭകളായ മോനിഷ്, തൃഷ, തുടങ്ങിയവരൊക്കെ കർണാടക കേരള അതിർത്തിയിൽ നിന്നുള്ളവരാണ്. ഇവരുടെയൊക്കെ അമ്മയോ അച്ഛനോ, അമ്മാവനോ കേരളത്തിൽ നിന്നുള്ളവരാണ്.ചിത്രത്തിന്റെ ഛയഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ഉണ്ണി മടവൂർ ആണ്. കേരള കർണാടക അതിർത്തി ഗ്രാമങ്ങളിൽ ചിത്രീകരിച്ച ഈ സിനിമയുടെ ഭൂരിഭാഗവും മഞ്ചേശ്വരത്തു തന്നെയാണ് ചിത്രീകരിച്ചത്. പ്രശസ്ത കവിയും ഗാനരചയിതാവുമായ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സംസ്കൃതം വരികൾക്ക് സംഗീതം നൽകിയത് മലയാളി കർണാടക സംഗീതജ്ഞൻ പി വി അജയ് നമ്പൂതിരിയാണ്. അജയ് നമ്പൂതിരിയുടെ ആദ്യ സിനിമയാണിത്. കന്നഡ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധീർ അത്താവർ, തുളു അക്കാദമി അവാർഡ് ജേതാവ് കുശാലാക്ഷി മഞ്ചേശ്വർ എന്നിവരും വരികൾ എഴുതിയിട്ടുണ്ട്. കർണാടകയിലെ പ്രശസ്ത ക്ലാസിക്കൽ പാട്ടുകാരനായ സംഗീത വിദ്യാനിധി ഡോക്ടർ വിദ്യാഭൂഷൺ ഒരു സിനിമയ്ക് പാടുന്നത് ഇതു ആദ്യമായാണ് എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. കൂടെ മലയാളി പിന്നണി ഗായകൻ വിജേഷ് ഗോപാൽ, ഭാവന എന്നിവരും പാടിയിട്ടുണ്ട്. പിന്നണി സംഗീതം നൽകിയിരിക്കുന്നത് രണ്ടു തവണ കേരള സ്റ്റേറ്റ് അവാർഡ് ജേതാവും കൈതപ്രത്തിന്റെ മകനുമായ ദീപങ്കുരനാണ്. 700ൽ അതികം സിനിമകൾ എഡിറ്റ് ചെയ്ത രണ്ടു തവണ ദേശീയ നേടിയ സുരേഷ് അരസ് ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. വസ്ത്രലങ്കാരം മീര സന്തോഷ് നിരവഹിച്ചു. മീരയും രണ്ടു തവണ കേരള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. മലയാളികളായ രാജേഷ് ബന്തിയോട് കലാസംവിധാനവും, ബിനോയ് കൊല്ലം മേക്കപ്പും നിർവഹിച്ചു.
