കാസര്‍കോട്: പതിനഞ്ചുകാരിയായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയും ഓട്ടോ ഡ്രൈവറും നാട്ടുകാരനുമായ പ്രദീപനും (42) എന്തിനാണ് ആത്മഹത്യ ചെയ്തത്? ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ ഈ ചോദ്യത്തിനു ഉത്തരം തേടുകയാണ് നാട്ടുകാരും പൊലീസും.
പൈവളിഗെ പഞ്ചായത്തിലെ മണ്ടേക്കാപ്പ് സ്വദേശികളാണ് ഇരുവരും. ഓട്ടോ ഡ്രൈവറായ പ്രദീപ് പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനാണെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പലപ്പോഴും പെണ്‍കുട്ടിയെ സ്‌കൂളില്‍ എത്തിച്ചിരുന്നത് പ്രദീപ് ആയിരുന്നുവത്രെ. ഇതിനിടയിലാണ് ഫെബ്രുവരി 11ന് രാത്രി വീട്ടിനകത്തു ഉറങ്ങാന്‍ കിടന്ന കുട്ടിയെ കാണാതായത്. 12ന് രാവിലെയാണ് ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തുറന്നു വച്ച നിലയിലായിരുന്നു അന്നു കാണപ്പെട്ടത്.
പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ അന്നു തന്നെ മാതാവ് കുമ്പള പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആയത് മണ്ടേക്കാപ്പിലാണെന്നു കണ്ടെത്തി. ഇതിന്റെ അടിസ്ഥാന ത്തില്‍ സ്ഥലത്ത് ഡ്രോണ്‍ ഉപയോഗിച്ചും പൊലീസ് നായയെ ഉപയോഗിച്ചും തെരച്ചില്‍ നടത്തിയെങ്കിലും തുമ്പൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
പെണ്‍കുട്ടിയെ കണ്ടെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ച് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും നല്‍കി. ഇതോടെ പെണ്‍കുട്ടിയുടെയും യുവാവിന്റെയും തിരോധാനം വലിയ വാര്‍ത്തയായി. ഇതേ തുടര്‍ന്ന് ഞായറാഴ്ച നാട്ടുകാരുടെ സഹായത്തോടെയാണ് ഇരുവരുടെയും വീട്ടിനു സമീപത്തെ ഏക്കറുകളോളം പരന്നുകിടക്കുന്ന അക്കേഷ്യ കാട്ടിനകത്തു തെരച്ചില്‍ നടത്താന്‍ പൊലീസ് തീരുമാനിച്ചത്. ഡിവൈ എസ് പി. സി കെ സുനില്‍കുമാര്‍, കുമ്പള ഇന്‍സ്പെക്ടര്‍ കെ പി വിനോദ് കുമാര്‍, കാസര്‍കോട്, വനിതാ പൊലീസ് സ്റ്റേഷന്‍, ട്രാഫിക് യൂണിറ്റ്, വിദ്യാനഗര്‍, ബദിയഡുക്ക, മഞ്ചേശ്വരം സ്റ്റേഷനുകളിലെ എസ് ഐ മാര്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഞായറാഴ്ച തെരച്ചില്‍ ആരംഭിച്ചത്. ക്ലബ്ബ്- സന്നദ്ധ പ്രവര്‍ത്തകരും തിരച്ചിലില്‍ പങ്കെടുത്തു. തെരച്ചില്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ഇരുവരെയും ഒരേ മരത്തില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലത്ത് ഒരു കത്തിയും രണ്ടു മൊബൈല്‍ ഫോണുകളും കണ്ടെത്തി. തൂങ്ങാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് കയര്‍ മുറിക്കുന്നതിനു ഉപയോഗിച്ച കത്തിയാണ് സ്ഥലത്ത് കാണപ്പെട്ടതെന്നു സംശയിക്കുന്നു. ചാര്‍ജ്ജ് തീര്‍ന്നതായിരിക്കാം മൊബൈല്‍ ഫോണ്‍ ഓഫാകാന്‍ കാരണമെന്നും കരുതുന്നു. വിവരമറിഞ്ഞ് ഫോറന്‍സിക് അധികൃതരും സ്ഥലത്തെത്തി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ വീടുമായി നല്ല ബന്ധം ഉള്ള ആളാണ് പ്രദീപ്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നു പറയുന്നു. എന്നാല്‍ വിവാഹ ബന്ധത്തിനു വീട്ടുകാര്‍ അനുകൂല തീരുമാനം കൈക്കൊള്ളില്ലെന്ന് ഇരുവരും കരുതിയിരുന്നതായും സംശയിക്കുന്നു. ഇതായിരിക്കാം ജീവനൊടുക്കുവാന്‍ പ്രേരിപ്പിച്ചതെന്നു സംശയിക്കപ്പെടുന്നു.
