പുരസ്‌കാരം നേടിയത് പ്രാപഞ്ചിക വിസ്മയങ്ങള്‍ ആവിഷ്ക്കരിക്കുന്ന ‘യാനം’ കന്നഡ ശാസ്ത്രനോവലിന്റെ മൊഴി മാറ്റത്തിന്
Author – രവീന്ദ്രന്‍ പാടി
കന്നഡ സാഹിത്യം ഇതുവരെയും രംഗപ്രവേശം ചെയ്തിട്ടില്ലാത്ത, സജീവ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയമായ, നോവലാണ് എസ്.എല്‍. ഭൈരപ്പ എഴുതിയ യാന. 400 പ്രകാശവര്‍ഷം അകലെയുള്ള ഒരു സങ്കല്‍പ ഗ്രഹത്തിലാണ് കഥ നടക്കുന്നത്. അതുകൊണ്ടു തന്നെ ശാസ്ത്രനോവല്‍ അഥവാ സയന്‍സ് ഫിക്ഷന്‍ എന്ന ഗണത്തിലാണ് ഈ നോവലിനെ പെടുത്തിയിരിക്കുന്നത്.
യാനയെ യാനം എന്ന പേരില്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യുക വഴി സയന്‍സ് ഫിക്ഷന്‍ എന്ന നോവല്‍ രൂപത്തെക്കൂടിയാണ് കെ.വി.കുമാരന്‍ മാഷ് മലയാള സാഹിത്യ ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുന്നത്. ആ കൃതിയ്ക്കാണ് 2024 വര്‍ഷത്തെ വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കുമാരന്‍ മാഷെ തേടി വന്നത് എന്നതും വിശേഷപ്പെട്ട ഒരു സംഗതിയാണ്.
കന്നഡയിലെ ശ്രദ്ധേയനായ നോവലിസ്റ്റാണ് എസ്.എല്‍. ഭൈരപ്പ. മലയാളത്തിലെ സി.രാധാകൃഷ്ണനു സമശീര്‍ഷനായി അദ്ദേഹത്തെ കാണാം. മലയാളത്തിലെ പുതിയ തലമുറയില്‍ ഇന്ദുഗോപനും എസ്.എല്‍. ഭൈരപ്പയുടെ പാതയില്‍ ശാസ്ത്രനോവല്‍ എഴുതുന്ന നോവലിസ്റ്റാണ്.
തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റുമുള്ള ഭൈരപ്പ, കാദി സിദ്ധേശ്വര്‍ കോളേജ് ഹൂബ്ലി, സര്‍ദാര്‍ പട്ടേല്‍ സര്‍വകലാശാല ഗുജറാത്ത്, എന്‍.സി.ഇ.ആര്‍.ടി. ഡല്‍ഹി, റീജിയണല്‍ കോളേജ് ഓഫ് എഡ്യുക്കേഷന്‍ മൈസൂര്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. മികച്ച അധ്യാപകന്‍, സാഹിത്യകാരന്‍, എന്നിവ പരിഗണിച്ചു
പത്മശ്രീ (2016), സരസ്വതി സമ്മാനം (2011), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (2015) എന്നീ ദേശീയ ബഹുമതികള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ മൈസൂരില്‍ താമസിക്കുന്നു.
കേരള സാഹിത്യ അക്കാദമിയുടെ കഴിഞ്ഞ വര്‍ഷത്തെ സമഗ്ര സാഹിത്യ സംഭാവനയ്ക്കുള്ള പുരസ്‌ക്കാരം നേടിയ വിവര്‍ത്തകനാണ് കാസര്‍കോട്ടുകാരനായ കെ.വി.കുമാരന്‍ മാഷ്.
ഡോ. ശിവറാമ കാരന്തിന്റെ വിശ്രുത നോവല്‍ ചോമനദുഡിയുടെ വിവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ കെ.വി.കുമാരന്‍ ഇതിനകം ഹിന്ദിയില്‍ നിന്നും കന്നഡയില്‍ നിന്നും നിരവധി കനപ്പെട്ട കൃതികള്‍ മൊഴിമാറ്റി മലയാണ്മക്കു സമ്മാനിച്ചിട്ടുണ്ട്.
യശ്പാലിന്റെ കൊടുങ്കാറ്റടിച്ച നാളുകള്‍, എന്റെയും നിന്റെയും കഥ, കൊലക്കയറിന്റെ കുരുക്കു വരെ, ജയില്‍ എന്നിവയും മന്മഥനാഥ ഗുപ്തയുടെ ചന്ദ്രശേഖര്‍ ആസാദും കൂട്ടുകാരും, ആശാറാണി വോഹറയുടെ കൊച്ചു വിപ്ലവകാരികള്‍, രാംദാസ് നായിഡുവിന്റെ വിശ്വസിനിമ, ഗോപാലകൃഷ്ണ പൈയുടെ സ്വപ്ന സാരസ്വത എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടവ.
യാനം മലയാള വിവര്‍ത്തനം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണ് പ്രസിദ്ധീകരിച്ചത്. 2018ല്‍ ആദ്യപതിപ്പിറങ്ങി.
‘മുന്നൂറടി നീളവും നൂറ്റമ്പതടി അകലവുമുള്ള ആകാശയാനം തയ്യാറാക്കി അതില്‍ ഒരാണിനെയും പെണ്ണിനെയും ഇരുത്തി നാലഞ്ച് ജ്യോതിര്‍ വര്‍ഷം ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രാക്‌സിമാ സെന്റാസിസ് നക്ഷത്രമണ്ഡലത്തെ പ്രാപിക്കാനുള്ള പരിപാടിയ്ക്കു രൂപം നല്‍കിയിരിക്കുന്നു’-എന്ന വാചകത്തോടെയാണ് യാനം നോവല്‍ ആരംഭിക്കുന്നത്.
215 പേജുകളിലൂടെയാണ് ആ ആകാശയാനത്തിന്റെ വിഭ്രമവും വിസ്മയവും സംഭ്രമജനകവുമായ കഥ വിവരിക്കുന്നത്.
1957ല്‍ റഷ്യ ആദ്യത്തെ സ്പുട്‌നിക്ക് ആകാശത്തേക്കയച്ച വാര്‍ത്ത വായിച്ചപ്പോഴുണ്ടായ തോന്നലാണ് യാനത്തിന്റെ പിറവിയ്ക്കു നിദാനമെന്ന് നോവലിസ്റ്റ് പിന്‍കുറിപ്പില്‍ പറയുന്നുണ്ട്.
ഒട്ടേറെ ശാസ്ത്രകാരന്മാരുമായി നിരന്തരം ആശയസംവാദം നടത്തി 20 വര്‍ഷത്തോളം സമയമെടുത്താണ് നോവല്‍ രചന മുഴുമിപ്പിച്ചത്. അനന്തവും അജ്ഞാതവും അവര്‍ണനീയവുമായ പ്രപഞ്ചത്തിന്റെ അകമറിയാനുള്ള ഒരു ഭാവനാ സഞ്ചാരമാണ് യാനം. ശാസ്ത്ര സാങ്കേതിക പദാവലികളും സംഞ്ജകളും വായനയുടെ ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുമെങ്കിലും അടങ്ങാത്ത കൗതുകയും ജിജ്ഞാസയും നോവല്‍ വായനക്കാരില്‍ നിറക്കുന്നു.
ലളിതമായ ഭാഷയില്‍, ഒട്ടും ദുരൂഹത കലരാതെയാണ് കുമാരന്‍ മാഷിന്റെ വിവര്‍ത്തനം.
ആകാശ യാത്രയിലെ അനുഭവങ്ങളെ തീക്ഷ്ണ വൈകാരിക മുഹൂര്‍ത്തങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ഭൈരപ്പയുടെ കഥാകഥന പാടവം ഒട്ടും ചോര്‍ന്നുപോവാതെയാണ് കുമാരന്‍ മാഷ് മലയാളത്തിനു പകര്‍ന്നു നല്‍കിയിരിക്കുന്നത്.
ശാസ്ത്രവും ഫിലോസഫിയും ദൈവവും അജ്ഞേയതാവാദവും മായാവാദവും മറ്റും സമ്മേളിക്കുന്ന നോവല്‍ വായനക്കാരന്റെ ഭാവനയ്ക്കു കൂടി വലിയ തോതില്‍ ഇടം അനുവദിച്ചു കൊണ്ടാണ് വികസിക്കുന്നത്. സയന്‍സും ഭാവനയും വിസ്മയവും കൊണ്ടാണ് ഭൈരപ്പ വായനക്കാരനെ യാനത്തില്‍ കയറ്റി പ്രപഞ്ച സഞ്ചാരം നടത്തുന്നത്. ആ അഭൂതമായ സഞ്ചാരാനുഭൂതി മലയാളത്തിനു പകര്‍ന്നു നല്‍കി എന്നതാണ് കുമാരന്‍ മാഷുടെ പ്രതിഭയുടെ മഹത്വം.
അവാര്‍ഡ് ലബ്ധിയോടെ നോവല്‍ കൂടുതല്‍ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും പുതിയ ഭാഷ്യങ്ങള്‍ ചമയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.