കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പരിചരണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് 376.84 ലക്ഷം രൂപ അനുവദിച്ചു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സേവനങ്ങള്‍ക്ക് 376.84 ലക്ഷം രൂപ അനുവദിച്ചതെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ദേശീയ ആരോഗ്യദൗത്യം വഴി നല്‍കിയിരുന്ന കേന്ദ്ര സഹായം നിര്‍ത്തല്‍ ചെയ്തിരുന്നു. ഇതോടെ ദുരിതത്തിലായവര്‍ക്ക് അടിയന്തിര തുടര്‍ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തുക അനുവദിച്ചത്. ജില്ലയില്‍ 11 ഗ്രാമപഞ്ചായത്തുകളിലായി 6727 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുണ്ട്. ദുരിതബാധിതര്‍ക്ക് മരുന്ന്, മെഡിക്കല്‍ ഉപകരണ വിതരണം, മനുഷ്യ വിഭവശേഷി നല്‍കല്‍, ആംബുലന്‍സ്സ് സൗകര്യം, ഡയപ്പര്‍ വാങ്ങല്‍, സമാശ്വാസ ചികിത്സ, എംപാനല്‍ഡ് ആശുപത്രികളില്‍ നിന്നും സൗജന്യ ചികിത്സ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 19 അംഗനവാടി കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനായി കാസര്‍കോട് വികസന പാക്കേജില്‍ നിന്നും അധിക വിഹിതമായി 147.22 ലക്ഷം രൂപയും അനുവദിച്ചു.
