ബംഗളൂരു: ബംഗളൂരു സൗത്ത് എംപിയും ബിജെപി നേതാവുമായ തേജസ്വി സൂര്യയും ഗായിക ശിവശ്രീ സ്‌കന്ദപ്രസാദും വിവാഹിതരായി. ബംഗളൂരുവിലെ കനകപുര റോഡിലെ റിസോര്‍ട്ടിലാണ് ചടങ്ങുകള്‍ നടന്നത്. ഇരുകുടുംബങ്ങളിലെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ഇരുവരും വ്യാഴാഴ്ച വിവാഹിതരായത്. ബുധനാഴ്ച വൈകുന്നേരത്തോടെ വിവിധ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ 10.45ഓടെയാണ് തേജസ്വി സൂര്യ ശിവശ്രീക്ക് താലി ചാര്‍ത്തിയത്. കേന്ദ്രമന്ത്രി വി സോമണ്ണ നവദമ്പതികളെ ആശീര്‍വദിക്കാനെത്തി. റിസപ്ഷന്‍ മാര്‍ച്ച് 9 ന് ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടക്കും. ദേശീയ, സംസ്ഥാന തലത്തിലെ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ റിസപ്ഷനില്‍ പങ്കെടുക്കും.
ചെന്നൈ സ്വദേശിയാണ് ശിവശ്രീ. കര്‍ണാടിക്, പിന്നണി ഗായികയാണ്. പൊന്നിയിന്‍ സെല്‍വന്‍ 1-ലെ കാതോട് സൊല്‍ എന്ന പാട്ടിന്റെ കന്നഡ പതിപ്പ് പാടിയത് ശിവശ്രീയാണ്. ശാസ്ത്ര യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബയോ എഞ്ചിനീയറിങ് ബിരുദം നേടിയ ശിവശ്രീ ചെന്നൈ സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. പിന്നീട് മദ്രാസ് സംസ്‌കൃത കോളേജില്‍ നിന്ന് സംസ്‌കൃതത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സംഗീത രംഗത്തേക്ക് തിരിഞ്ഞത്. 2014 ല്‍ ശിവശ്രീ പാടി റെക്കോര്‍ഡ് ചെയ്ത ഗാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ ലഭിച്ചിരുന്നു. കന്നഡ ഭക്തിഗാനമായ ‘പൂജിസലന്ദേ ഹൂഗല തണ്ടേ’ ആലപിക്കുകയും അത് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവയ്ക്കുകയുമായിരുന്നു. ഈ ഗാനം മോദിയുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അദ്ദേഹം പ്രശംസയുമായി രംഗത്ത് വരികയായിരുന്നു.
